പഞ്ചാബ് നാഷനൽ ബാങ്ക് പണം തട്ടിപ്പ് കേസ് : കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡിയും അന്വേഷണം ഏറ്റെടുക്കും

കൊച്ചി: കോഴിക്കോട് നഗരസഭയുടെ 12.68 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മാനേജർ തട്ടിയെടുത്തെന്ന കേസിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പ്രാഥമിക തെളിവുശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വിശദമായ അന്വേഷണം ദേശീയതലത്തിൽ വേണമെന്നു പിഎൻബി ഡയറക്ടർ ബോർഡ് കേന്ദ്ര ധനകാര്യവകുപ്പിനോടു ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര ഏജൻസികൾ തെളിവെടുപ്പു തുടങ്ങിയത്. തട്ടിപ്പിനു പിന്നിൽ ഏതെങ്കിലും റാക്കറ്റിന്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അക്കൗണ്ടുകളുള്ള മറ്റുബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

പ്രതിസ്ഥാനത്തു നിൽക്കുന്ന, സസ്പെൻഷനിലായ പിഎൻബി സീനിയർ മാനേജർ എം.പി.റിജിലിന്റെ മൊഴി കേന്ദ്ര ഏജൻസികൾ രേഖപ്പെടുത്തും. അതിനായി റിജിലിന്റെ അഭിഭാഷകന്റെ സഹകരണം തേടിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷയുടെ പകർപ്പും സിബിഐ ശേഖരിച്ചു. റിജിലിന്റെ സഹപ്രവർത്തകർ നൽകിയ മൊഴികളിൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ പേരും പരാമർശിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടു മുൻപുതന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഈ അഭിഭാഷകൻ ഇടക്കാലത്തു കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്നു.

കോഴിക്കോട് നഗരസഭയുടെ പണം വിവിധ അക്കൗണ്ടുകൾ വഴി വിനിയോഗിച്ചതിനു തെളിവുള്ള തുകയാണു 12.68 കോടി രൂപ. ഓൺലൈൻ കളികളിലൂടെ റിജിൽ പണം നഷ്ടപ്പെടുത്തിയെന്ന മൊഴി തന്നെ കള്ളപ്പണമായി ഒളിപ്പിച്ച പണം സംരക്ഷിക്കാനുള്ള മൊഴികളാണെന്നാണു ഇഡി കരുതുന്നത്. വിദേശ ലോട്ടറി പോർട്ടലുകൾ വഴിയും ഇന്റർനെറ്റ് അധോലോകമായ ഡാർക്‌വെബ് വഴിയുമുള്ള സാമ്പത്തിക ഇടപാടുകൾക്കു വ്യക്തമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ചിനു കഴിയില്ലെന്ന ഉറപ്പിലാണ് ഇത്തരം മൊഴികളും വാദങ്ങളും പുറത്തുവന്നതെന്നാണ് ഇഡി സംശയിക്കുന്നത്.

തട്ടിപ്പു കോഴിക്കോട് നഗരസഭയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണെങ്കിൽ കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ പ്രാഥമിക തെളിവു ശേഖരണത്തിൽ റാക്കറ്റിന്റെ സാന്നിധ്യം മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ നിക്ഷേപമുള്ള ബാങ്കുകളിലേക്കും വ്യാപിച്ചതിന്റെ തെളിവുകൾ ലഭിച്ചാൽ സിബിഐ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഇഡിയും അന്വേഷണം ഏറ്റെടുക്കും.

Share
അഭിപ്രായം എഴുതാം