മാവൂര്‍ ഗ്രാസിം ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയായതായി വ്യവസായമന്ത്രി

മാവൂര്‍: ബിര്‍ള മാനേജ്‌മെന്റിനു കീഴിലുളള മാവൂര്‍ ഗ്രാസിം ഭൂമി തിരിച്ചുപിടിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചതായി വ്യവസായവകുപ്പു മന്ത്രി പി.രാജീവ് നിയമസഭയില്‍ അറിയിച്ചു. അഡ്വ: പി.ടി.എ. റഹീം എം.എല്‍.എ. ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 320.78 ഏക്കര്‍ ഭൂമിയാണ് ആകെ മാനേജ്‌മെന്റിന്റെ കീഴിലുള്ളത്. ഇതില്‍ 238.41 ഏക്കര്‍ വ്യവസായ ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയതാണ്.

വ്യവസായം തുടങ്ങാന്‍ മാനേജ്‌മെന്റ് മുന്‍ കൈ എടുക്കാത്ത പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ 2017ല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ പോയി ഇതു സ്‌റ്റേ ചെയ്തു. അതുകൊണ്ടുതന്നെ അതു തീര്‍പ്പാക്കാതെ ഏറ്റെടുക്കുന്നതിനു നിയമതടസമുണ്ട്. ഈ നടപടി എത്രയും പെട്ടെന്നു തീര്‍പ്പാക്കാന്‍ 2022 മെയില്‍ കോഴിക്കോട് ജില്ലാ നിയമ ഓഫീസര്‍ അറ്റോര്‍ണി ജനറലുമായി നേരിട്ടു കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ കേസ് പരിഗണനക്ക് വന്നിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി.

Share
അഭിപ്രായം എഴുതാം