തിരുവനന്തപുരം: ലഹരി കടത്തിയില്ലെങ്കിൽ തന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സ്കൂൾ വിദ്യാർത്ഥിനി. കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടേതാണ് വെളിപ്പെടുത്തൽ. ന്യൂസ് അവറിലാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. സ്കൂളിനകത്തും പുറത്തും ലഹരി മാഫിയയ്ക്ക് കണ്ണികളുണ്ട്.
സംഭവിച്ച കാര്യങ്ങൾ പോലീസിനോട് പറഞ്ഞപ്പോൾ പൊലീസ് കളിയാക്കി ചിരിച്ചെന്നും പെൺകുട്ടി പറഞ്ഞു.ലഹരിക്കേസടെുക്കാൻ തെളിവില്ലെന്നാണ് പൊലീസ് പറഞ്ഞതെന്നും, ലഹരിക്കെതിരെ ഇപ്പോഴൊന്നും ചെയ്യാൻ പറ്റില്ലെന്ന് പൊലീസ് പറഞ്ഞുവെന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.സ്റ്റേഷനിലെത്തിയപ്പോൾ രണ്ട് അപരിചിതരെത്തി. വലിയ ആളുകളാണ്, ആരോടും ഒന്ന് പറയരുത്, അപകടം ഉണ്ടാകുമെന്ന് പറഞ്ഞതായും കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
അതേസമയം വിഷയത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു. പൊലീസ് വളരെ ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്. തെളിവില്ലെന്ന വിശദീകരണമാണ് എഎസ്ഐ നൽകിയത്. കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.
വടകര അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ ഏാനും മാസങ്ങൾക്കിടെ അവിശ്വസനീയമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. കബഡി കളിക്കിടെ ഒരു പെൺകുട്ടി നൽകിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് മറ്റൊരു യുവാവുമെത്തി. ബിസ്കറ്റിൽ തുടങ്ങി, പിന്നീട് പൊടിരൂപത്തിൽ മൂക്കിൽ വലിപ്പിച്ചു, കൂടുതൽ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയിൽ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തിൽ എത്തിച്ചു.
ഒടുവിൽ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താൻ ഉൾപ്പടെയുള്ള മൂന്ന് പെൺകുട്ടികൾ സ്കൂൾ യൂണിഫോമിൽ ലഹരി കൈമാറാനായി തലശേരിയിൽ പോയതായും കുട്ടി വിവരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ച് നൽകിയതായി 13 കാരി പറയുന്നു. ശരീരത്തിൽ പ്രത്യേക രീതിയിലുളള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി