സമസ്ത നേതാവിനെ ചൊടിപ്പിച്ച് കുടുംബശ്രീ ജൻഡർ കാമ്പയിൻ

കോഴിക്കോട്: ജൻഡർ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകുമെന്ന വാചകമാണ് സമസ്ത നേതാവ് ചൂണ്ടിക്കാട്ടുന്നത്.സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസിന്റെ സംസ്ഥാന സെക്രട്ടറിയാണ് നാസർ ഫൈസി കൂടത്തായി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്. ഖുർആനിൽ ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ വ്യത്യസ്ത ഓഹരികളാണ് പറയുന്നത്. ഈ വിശ്വാസത്തിൽ ജീവിക്കുന്നവരുടെ മൗലിക അവകാശം നിഷേധിക്കുന്നതാണ് കുടുംബശ്രീയുടെ തുല്യ സ്വത്തവാകശം ആവശ്യപ്പെട്ടുള്ള പ്രതിജ്ഞയെന്നും നാസർ ഫൈസി പറയുന്നു. മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം