ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഷോളയൂർ ഊത്തുകുഴിയൂരിലെ ലക്ഷ്മണനാണ് മരിച്ചത്. 2022 ഡിസംബർ 3 പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഈ വർഷം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ലക്ഷ്മണൻ.

കഴിഞ്ഞ ദിവസം തന്നെ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘം കാട്ടാനയെ തുരത്തിയിരുന്നു. കാട്ടാന തിരികെ പോയിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും കരുതിയിരുന്നത്. എന്നാൽ, പ്രദേശത്ത് തന്നെയുണ്ടായിരുന്ന ആന പുലർച്ചെ പ്രാഥമിക ആവശ്യങ്ങൾക്കായി ഇറങ്ങിയ ലക്ഷ്മണനെ ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് ചുഴറ്റിയെടുത്ത് നിലത്തിട്ട് ചവിട്ടിക്കൊന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തുന്ന ആനകൾ കാട്ടിലേക്ക് കയറിപ്പോകുന്നില്ലെന്നും ഊരിൽ നിന്ന് മാറിനിൽക്കുക മാത്രമാണെന്നും ഉദ്യോഗസ്ഥർ പിൻവാങ്ങിയാൽ ഇവ തിരിച്ചുവരുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ഊരുനിവാസികൾ ആവശ്യപ്പെടുന്നു.

Share
അഭിപ്രായം എഴുതാം