സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയ കേസിൽ അന്വേഷണം വീണ്ടും പ്രതിസന്ധിയിൽ

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിയ കേസിൽ .മൊഴിമാറ്റമുണ്ടായതോടെ അന്വേഷണം വീണ്ടും പ്രതിസന്ധിയിലായി.2022 ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിന് തീവച്ചതെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്ത് മജിസ്ട്രേട്ടിന് മുന്നിൽ മൊഴി മാറ്റി.

തീപിടിത്തത്തെപ്പറ്റി അറിയില്ലെന്നാണ് രഹസ്യമൊഴി. ആദ്യമൊഴി അനുസരിച്ച് ആർ.എസ്.എസ് പ്രവർത്തകരെ പ്രതിചേർത്ത് നടപടികൾ ഇനി എളുപ്പമല്ല. കേസിൽ നാലര വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന് പിടിവള്ളിയായി പ്രശാന്തിനെ കിട്ടിയത്. കത്തിച്ച പ്രതി മരിച്ചെങ്കിലും കേസ് തെളിയിക്കാനായെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് രഹസ്യമൊഴി പുറത്തുവന്നത്. മൊഴി നൽകിയതിന് പിന്നാലെ പൊലീസ് ഇയാളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അവിടെ നൽകുന്ന മൊഴി എന്താണെന്ന് പൊലീസിനും അറിയാനാവില്ല. പൊലീസിന് മൊഴി പകർപ്പ് ലഭിച്ചതോടെയാണ് മൊഴിമാറ്റിയെന്ന് മനസിലായത്.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമത്തിന് തീപിടിച്ചത്. ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വച്ചു. ആശ്രമം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികളെ ഉടൻ പിടികൂടുമെന്നു പ്രഖ്യാപിച്ചെങ്കിലും നാലര വർഷം പൊലീസ് ഇരുട്ടിൽ തപ്പി.പ്രതിയെ കണ്ടെത്താനാകാതെ ക്രൈംബ്രാ‌ഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ അനുമതി തേടുന്നതിനിടെ മൂന്നാഴ്ച മുമ്പാണ് പ്രശാന്ത് രംഗത്തെത്തിയത്. പുളിയറക്കോണം തുരുത്തും മൂല സ്‌കൂളിനു സമീപം സഹോദരനും അമ്മയ്ക്കുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രകാശ് (26) ജനുവരി മൂന്നിനാണ് തൂങ്ങിമരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രകാശിന്റെ ജഗതിയിലുള്ള സുഹൃത്തിനെ പൊലീസ് കഴിഞ്ഞ വർഷം കസ്റ്റഡിയിലെടുത്തിരുന്നു. അതോടെ അസ്വസ്ഥനായ അനുജൻ ആശ്രമം കത്തിക്കലിൽ താനും ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ മൊഴി.

‘ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രേരണയിലാണ് മൊഴിമാറ്റമെന്നും, ഇപ്പോൾ മൊഴി മാറ്റം കൊണ്ട് കേസ് അട്ടിമറിക്കപ്പെടില്ലെന്നാണ് ബോദ്ധ്യമെന്നും -സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. എന്നാൽ ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് പൊലീസും സി.പി.എമ്മും നടത്തിയതെന്ന് ബിജെ.പി.ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു

Share
അഭിപ്രായം എഴുതാം