ഇംഗ്ലീഷ്അദ്ധ്യാപക തസ്തിക ഇല്ലാതെ 642 ഹൈസ്‌കൂളുകൾ : ഹൈക്കോടതി വിധി നടപ്പാക്കാതെ പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്ക് ഇംഗ്ലീഷ് പഠിച്ചവർ തന്നെ വേണമെന്ന ഹൈക്കോടതി ഉത്തരവു വന്ന് ഒരു കൊല്ലം കഴിഞ്ഞിട്ടും വിധി നടപ്പാക്കാതെ പൊതു വിദ്യാഭ്യാസ വകുപ്പ്. 413 സർക്കാർ സ്‌കൂളുകളുൾപ്പെടെ 642 ഹൈസ്‌കൂളുകളിലാണ് ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക ഇല്ലാത്തത്. പീരിയഡ് കണക്കാക്കുന്നതിലുൾപ്പെടെ അഴിച്ചുപണി വരുമെന്ന് പറഞ്ഞാണ് ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നത്. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ മന്ത്രിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയായില്ല.

2021 ആഗസ്റ്റിൽ വന്ന വിധിയനുസരിച്ച് 2021-22 അദ്ധ്യയന വർഷത്തിൽ തന്നെ തസ്തിക ഉണ്ടാകേണ്ടതായിരുന്നു. അത് നടപ്പായതുമില്ല. ഇതേക്കുറിച്ച് പഠിക്കാൻ ഒരു സമതിയെ വകുപ്പ് നിയോഗിക്കുകയായിരുന്നെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.എച്ച്.എസ്.ടി ഇംഗ്ളീഷ് തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണ് സർക്കാരിന്റെ കടുംപിടിത്തം. 2022 ജൂൺ 15ന് നടന്ന എച്ച്.എസ്.ടി ഇംഗ്ളീഷ് പരീക്ഷ സംസ്ഥാനത്തൊട്ടാകെ 14036 പേർ എഴുതിയിരുന്നു. സർക്കാർ തസ്തിക സൃഷ്ടിക്കുന്നതോടെ സ്കൂളിൽ കയറാമെന്ന ഇവരുടെ ആഗ്രഹമാണ് സർക്കാരിന്റെ പിടിവാശിയിൽ പൊലിയുന്നത്.

ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇംഗ്ളീഷ് ബിരുദമെടുത്തവർ തന്നെ ഇംഗ്ളീഷ് അദ്ധ്യാപകരാകണമെന്ന ചട്ടം വന്നത്. എന്നാൽ, പിന്നീട് ഒഴിവ് കോർ വിഷയമായി ഒതുക്കപ്പെട്ടു.പീരിയഡ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക അനുവദിക്കുന്നത് പഠിക്കുന്ന സർക്കാർ സമിതിയുടെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. അതിനിടെയാണ് ദിവസവേതനത്തിന് താത്കാലിക അദ്ധ്യാപകരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇംഗ്ലീഷിന് സ്ഥിരം തസ്തികകൾ സൃഷ്ടിക്കുന്നതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും നിലവിലെ രീതി ഇംഗ്ലീഷ് അദ്ധ്യയനത്തിന്റെ നിലവാരം തകർക്കുമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.

.മലയാളവും ഹിന്ദിയും പോലെ ഭാഷാ വിഭാഗത്തിലല്ല ഇംഗ്ളീഷ് അദ്ധ്യാപനം വരുന്നത്. സയൻസ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം തുടങ്ങിയ കോർ വിഭാഗത്തിലാണ്. അതിനാൽ അഞ്ച് ഡിവിഷനിൽ കുറവുള്ള വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക അനുവദിക്കുന്നില്ല. മറ്റ് കോർ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെ ഇംഗ്ളീഷും പഠിപ്പിക്കും. കോടതി ഉത്തരവ് നടപ്പായാൽ കൂടുതൽ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാകുമെന്നതും സർക്കാരിനെ പിന്നോട്ടു വലിക്കുന്നു

Share
അഭിപ്രായം എഴുതാം