മോഷണം പോയ സൈക്കിൾ തിരികെ നൽകണമെന്ന ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ നോട്ടീസ് സോഷ്യൽ വൈറലായി

മോഷണം പോയ സൈക്കിൾ തിരികെ നൽകണമെന്ന് അപേക്ഷിച്ച് കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിന്നിൽ നോട്ടിസ് പതിപ്പിച്ച് വിദ്യാർത്ഥി. ഇവിടെയാണ് എന്നും സൈക്കിൾ വെച്ചിട്ട് സ്‌കൂളിൽ പോകുന്നത്. 2022 നവംബർ 22 ന് സ്‌കൂൾ വിട്ട് തിരികെ വന്നപ്പോൾ സൈക്കിൾ കാണാനില്ല. തുടർന്ന് നോട്ടിസ് പതിപ്പിക്കുകയായിരുന്നു. ആ നോട്ടീസാണ് ഇപ്പോൾ സോഷ്യൽ വൈറലായിരിക്കുന്നത്. പവേൽ സ്മിത്ത് എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടേതാണ് സൈക്കിൾ.

പാവേൽ കുറിപ്പിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:-“ഞാൻ പവേൽ സ്മിത്ത്. തേവര എസ് എച്ചിൽ പഠിക്കുന്നു. എന്നും രാവിലെ ഇവിടെ സൈക്കിൾ വെച്ചിട്ടാണ് സ്‌കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചുവന്നപ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചുവാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരികെ നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു”

.സൈക്കിൾ നഷ്ടപെട്ട സ്ഥലത്ത് തന്നെയാണ് ഈ കൊച്ചുകുട്ടി നോട്ടിസ് പതിപ്പിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് അവർ സൈക്കിൾ എടുത്തതെന്ന് നമുക്ക് അറിയില്ലല്ലോ. അതുകൊണ്ട് വെറുതെ അവരെ കള്ളന്മാർ എന്നുവിളിക്കുന്നത് ശരിയല്ല എന്നാണ് പവേൽ സ്മിത്ത് പറഞ്ഞത്. വളരെയധികം മോഹിച്ച് വാങ്ങിച്ചതാണ്. ആര് എടുത്തതാണെങ്കിലും തിരികെ നൽകണം. സൈക്കിൾ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ നോട്ടീസ് വൈറലാകുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രതീക്ഷ കൂടിയിട്ടേ ഉള്ളു എന്നും പാവേൽ പറഞ്ഞു.

കഴിഞ്ഞ പിറന്നാളിന് അച്ഛൻ സമ്മാനമായി നൽകിയ സൈക്കിളാണത്. അതുകൊണ്ട് തന്നെ ആ സൈക്കിളിനോട് പ്രത്യേക ഇഷ്ടമുണ്ട്. പൊതുവെ എന്റെ സൈക്കിൾ പെട്ടെന്ന് ചീത്തയാകാറുണ്ട്. ഇതെനിക്ക് വളരെ കംഫർട്ടബിൾ ആയ സൈക്കിൾ ആയിരുന്നു. തിരികെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തോളമായി ആ സൈക്കിൾ എന്റെ കൂടെത്തന്നെയുണ്ട്. പാവേൽ കൂട്ടിച്ചേർത്തു.

രാവിലെ വീട്ടിൽ നിന്ന് സൈക്കിളിൽ വരും. മെട്രോയ്ക്ക് പിറകെ ലോക്ക് ചെയ്താണ് വെക്കുന്നത്. അന്ന് സഹോദരിയുടെ ഒരു പഴയ ലോക്കാണ് സൈക്കിളിൽ ഉപയോഗിച്ചിരുന്നത്. അടുത്തുള്ള സിസിടിവിയിൽ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ബ്ലൈൻഡ് സ്പോട്ടിലായിരുന്നു സൈക്കിൾ വെച്ചിരുന്നത്. പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. 24000 രൂപയാണ് സൈക്കിളിന്റെ വില

Share
അഭിപ്രായം എഴുതാം