സംസ്ഥാന സഹകരണ മേഖല ലോകത്തിന് നല്‍കുന്നത് ജനകീയ ബദല്‍ മാര്‍ഗം എന്ന സന്ദേശം: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിന്റെ സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും ലോകത്തിനും നല്‍കുന്ന സന്ദേശം ജനകീയമായിട്ടുള്ള ഒരു ബദല്‍ എങ്ങനെ സാധ്യമാക്കാം എന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാരംവേലി സര്‍വീസ് സഹകരണ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഗിഫ്റ്റ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖല എല്ലാ രംഗങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. നവകേരള നിര്‍മിതിയില്‍ സഹകരണ മേഖല വളരെ  കൃത്യമായിട്ടുള്ള നേതൃത്വം നല്‍കുന്നുണ്ട്. നമ്മുടെ നാട് പ്രളയവും, കോവിഡ് കാലവും മറ്റു തരത്തിലുള്ള പ്രതിസന്ധികളും നേരിടുമ്പോള്‍ ഒപ്പം താങ്ങായും നെടുംതൂണായും മുന്നില്‍ നിന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളാണ്.

നാടിന്റെ വികസനപ്രര്‍ത്തനങ്ങളില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ നല്‍കുന്ന പങ്ക് ചെറുതല്ല. സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗുണനിലവാരം ഒട്ടും കുറയാതെ സഹകരണ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ എന്ന ആശയം പരിശോധിക്കാന്‍ ആരോഗ്യ മേഖല പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന രീതിയില്‍ ചില ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ജനങ്ങള്‍ കൃത്യമായി തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രാഥമിക സഹകരണ ബാങ്കുകളുള്ള സംസ്ഥാനം കേരളമാണ്. സഹകരണ പ്രസ്ഥാനത്തിന്റെ സ്പര്‍ശനമേല്‍ക്കാത്ത ഒരു മേഖലയും ഇല്ലെന്ന് ആദ്യ വില്‍പന നിര്‍വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ആധുനിക ബാങ്കുമായി കിടപിടിക്കുന്ന രീതിയില്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍ ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണം ചെയ്തു. പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍ കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാരംവേലി സര്‍വീസ് സഹകരണ സംഘം ബാങ്ക് പ്രസിഡന്റ് റ്റി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി റ്റി. വി സ്റ്റാലിന്‍, മല്ലപ്പുഴശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ജെ. സജി, കേരള കോണ്‍ഗ്രസ് (എം) പ്രസിഡന്റ് ഭരത് വാഴുവേലില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ശാമുവേല്‍, ജനതാദള്‍ (എസ്) പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോസ് ഫിലിപ്പ്, എന്‍സിപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ശാമുവേല്‍, കാരംവേലി സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗങ്ങളായ എം.വിജയരാജന്‍, ജേക്കബ് തര്യന്‍, മിനി ശ്യാം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം