‘ഓപ്പറേഷന്‍ താമര’; തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്, നോട്ടീസ് നല്‍കി

ആലപ്പുഴ: തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. 06/12/22 ചൊവ്വാഴ്ചയോ, 07/12/22 ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കി യിരിക്കുന്നത്. 03/12/22 ശനിയാഴ്ച രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് നോട്ടീസ് നല്‍കിയത്.

തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിഭാഷകനായ സിനില് മുണ്ടപ്പള്ളിയാണ് നോട്ടീസ് കൈപ്പറ്റിയത്. 2022 നവംബർ 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് തുഷാര്‍ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെലങ്കാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണം എന്നുമായിരുന്നു തുഷാറിന്റെ ആവശ്യം. 

അന്വേഷണവുമായി സഹകരിക്കണം എന്ന വ്യവസ്ഥയില്‍ തുഷാറിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് തെലങ്കാന പൊലീസ് നോട്ടീസ് നല്കിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിനെ അട്ടമറിക്കുക എന്ന ഉദ്ദേശത്തോടെ ടിആർഎസിന്റെ നാല് എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഏജന്റുമാരെ നിയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നേരത്തെ പുറത്ത് വിട്ടിരുന്നു.

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ ലോട്ടസ്’ പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ര്‍ ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം