അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 60.2 ശതമാനം പോളിങ്. സമാധാനപരമായിരുന്നു വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പി. ഭാരതി അറിയിച്ചു. 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി അവസാനനിമിഷം പിന്‍വാങ്ങിയതിനാല്‍ 88 സീറ്റിലാണ് എ.എ.പി. ജനവിധി തേടിയത്. 2017 ലെ തെരഞ്ഞെടുപ്പില്‍ 65 ശതമാനമായിരുന്നു പോളിങ്. ഇക്കുറി കടുത്ത മത്സരമുണ്ടായിട്ടും പോളിങ് ശതമാനം കുറഞ്ഞു.എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദന്‍ ഗാധ്‌വി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ രിവാബ ജഡേജ(ബി.ജെ.പി) തുടങ്ങിവരാണ് ഇന്നലെ ജനവിധി തേടിയവരില്‍ പ്രമുഖര്‍. 50 ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായെന്നു കോണ്‍ഗ്രസ് പരാതിപ്പെട്ടു.