ടെഹ്‌റാന്‍: ഇറാനെ വിറപ്പിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് മൂന്നൂറിലധികം പേര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രക്ഷോഭത്തിലും പോലീസ് നടപടിയിലും ജീവന്‍ നഷ്ടമായതായി റവല്യൂഷണറി ഗാര്‍ഡ്‌സ് ജനറല്‍ വെളിപ്പെടുത്തി.
സെപ്റ്റംബര്‍ 16-ന് ശിരോവസ്ത്രം ശരിയാംവണ്ണം ധരിക്കാത്തതിന്റെ പേരില്‍ മെഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി സദാചാര പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനേത്തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി മതഭരണകൂടത്തെ വെല്ലുവിളിച്ചു. പ്രക്ഷോഭകരെ നേരിടാന്‍ സായുധസേനയും രംഗത്തിറങ്ങി. സേനാ നടപടിയില്‍ സാധാരണക്കാര്‍ക്കും പ്രക്ഷോഭകരുടെ ആക്രമണത്തില്‍ സേനാംഗങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഇവരുടെ കൃത്യമായ കണക്കില്ലെങ്കിലും മരണസംഖ്യ മുന്നൂറു കടന്നിട്ടുണ്ടെന്നു റവല്യൂഷണറി ഗാര്‍ഡിന്റെ എയ്‌റോസ്‌പേസ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അമീറലി ഹാജിസാദെ പറഞ്ഞു.ഓസ്‌ലോ ആസ്ഥാനമായുള്ള ഇറാന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞത് 416 പേര്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്.