മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം: പരാതി പരിഹാര അദാലത്ത് ഡിസംബര്‍ ഒന്നിന്

ജില്ലാ സാമൂഹിക നീതി  ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്ന വൃദ്ധജനങ്ങള്‍ക്ക് മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള 2007ലെ നിയമപ്രകാരമാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിക്കും.

തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നല്‍കിയ മണ്ണടി ചൂരക്കാട്ടില്‍ വീട്ടില്‍ ചന്ദ്രമതിയമ്മയെ(77) ചടങ്ങില്‍ ആദരിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. ഷംല ബീഗം, അടൂര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ആര്‍. സതീഷ്, മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായത്തിനായി 14567 എന്ന ദേശീയ ഹെല്‍പ്പ്ലൈന്‍ ടോള്‍ഫ്രീ നമ്പര്‍ മുഖേന ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അടൂര്‍ ആര്‍ടിഒ ഓഫീസ് – 04734- 224827, ജില്ലാ സാമൂഹ്യനീതി ഓഫീസ് – 0468- 2325168.

Share
അഭിപ്രായം എഴുതാം