സ്വാതന്ത്ര്യ സമര സ്മൃതികളുണര്‍ത്തി ഫ്രീഡം വാള്‍ പ്രദര്‍ശനം

സ്വാതന്ത്ര്യ സമര സ്മൃതികളുണര്‍ത്തി റവന്യുജില്ലാ കലോത്സവ വേദിയില്‍ ഫ്രീഡം വാള്‍ പ്രദര്‍ശനം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതും പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളുടെയും ചരിത്രസ്മാരകങ്ങളുടെയും ചിത്രങ്ങളാണ് പ്രധാന കലോത്സവ വേദിയായ എസ്എന്‍വി സ്‌കൂള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകളിലെ ചുമരുകളില്‍ വിദ്യാര്‍ഥികള്‍ വരച്ച മികച്ച ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനമാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കലോത്സവ വേദിയിലെ ഫ്രീഡം വാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ചായം പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ വോളന്റിയര്‍മാര്‍ തയാറാക്കിയ പെയിന്റിംഗുകളും, കരകൗശല വസ്തുക്കളും കലോത്സവവേദിയില്‍ പ്രദര്‍ശന വിപണനത്തിനെത്തിച്ചിട്ടുണ്ട്. കുട്ടികള്‍ നിര്‍മിച്ചിരിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റു കിട്ടുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ വരച്ച ലഹരിവിരുദ്ധ ബോധവത്കരണ ചിത്രങ്ങളുടെ പ്രദര്‍ശനം ഇരവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസില്‍ ഒരുക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം