എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്: 7 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: എല്‍.ഡി.എഫ്. സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴു സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ചട്ടവിരുദ്ധമായി രാഷ്ട്രീയ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15 നു നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ ഇടതു സംഘടനയുടെ നേതാക്കളാണു പങ്കെടുത്തത്. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചതിനു പിന്നാലെ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ പേരും മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടെയുള്ള പരാതി ഗവര്‍ണറുടെ ഓഫീസില്‍നിന്ന് 19നു ചീഫ് സെക്രട്ടറിക്ക്‌ െകെമാറി. രണ്ട് അഡീഷണല്‍ സെക്രട്ടറിമാര്‍, രണ്ട് സെക്ഷന്‍ ഓഫീസര്‍ എന്നിവരടക്കം കൂടുതല്‍ ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും ബി.ജെ.പി. പുറത്തുവിട്ടിരുന്നു. ചിത്രത്തിലുള്ള ഏഴു പേരോട് വിശദീകരണം തേടിയത്.

ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുത്തെന്നും ഓഫീസിലെത്തി പഞ്ച്ചെയ്ത ശേഷമാണു പലരും മാര്‍ച്ചിനു പോയതെന്നും ബി.ജെ.പി. ആരോപിക്കുന്നു. മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമ്മോറിയല്‍ ഹാളിലും കുടപ്പനക്കുന്ന് തീര്‍ത്ഥ ഓഡിറ്റോറിയത്തിലുമായി ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്തു യോഗം ചേര്‍ന്നു. ആര്‍ട്ടിക്കിള്‍ 310 പ്രകാരം സംസ്ഥാന ജീവനക്കാര്‍ക്കും സര്‍വീസ് കാലത്തു ഗവര്‍ണറുടെ പ്രീതി അനിവാര്യമാണ്. വിരമിക്കുന്നതു വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണു ചട്ടം.
ഹാജര്‍ രേഖപ്പെടുത്തിയശേഷം സമരത്തില്‍ പങ്കെടുക്കാന്‍ പോകുക,

ഗവര്‍ണര്‍ക്കെതിരേ ഡ്യൂട്ടി സമയത്ത് പ്രകടനം നടത്തുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. 15 ന് രാവിലെ മൂന്നു സ്വകാര്യ ബസുകളിലായിരണ്ടു തവണ വീതം സെക്രട്ടേറിയേറ്റില്‍നിന്ന് ഉദ്യോഗസ്ഥരെ രാജ്ഭവനില്‍ എത്തിക്കുകയായിരുന്നു. ”ബി.ജെ.പി. ആരോപിച്ചു. ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത വഴി നോക്കുമെന്നും ബി.ജെ.പി. വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം