ഇ ഡിയെ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന പൊലീസിന് മേല്‍ ഉള്‍പ്പെടെ വിവരശേഖരണാധികാരം

ന്യൂഡൽഹി: സംസ്ഥാന പൊലീസിന് മേല്‍ വിവരശേഖരണാധികാരം നല്‍കുന്നത് ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടങ്ങള്‍ ഭേഭഗതി ചെയ്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇ ഡിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് 15 മന്ത്രാലയങ്ങളില്‍ നിന്ന് വിവരശേഖരണം നടത്താന്‍ ഇ ഡിക്ക് അധികാരമുണ്ട്.

വിദേശകാര്യമന്ത്രാലയം , നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, മിലിട്ടറി ഇന്റലിജന്‍സ് ഗ്രിഡ് മുതലായവയില്‍ നിന്നുള്‍പ്പെടെ ഇ ഡിക്ക് വിവരങ്ങള്‍ ശേഖരിക്കാം. എന്‍.ഐ.എയ്ക്ക് മേലും ഇ ഡിക്ക് വിവരശേഖരണാധികാരം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സെക്ഷന്‍ 66 ല്‍ പ്രതിപാദിക്കുന്ന കുറ്റക്യത്യങ്ങള്‍ നടന്നതായി സംശയമുണ്ടായാല്‍ വിവരം ഇ.ഡിയെ അറിയിക്കണമെന്നാണ് നിര്‍ദേശം.

മുന്‍പ് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ക്കായി ഇ ഡി അഭ്യര്‍ത്ഥിക്കുകയായിരുന്നെങ്കില്‍, പുതിയ ഭേദഗതി പ്രകാരം ഏജന്‍സികളില്‍ നിന്നും സംസ്ഥാന പൊലീസില്‍ നിന്നും നിര്‍ദേശക സ്വഭാവത്തില്‍ ഇ ഡിക്ക് വിവരങ്ങള്‍ ആവശ്യപ്പെടാം.

സ്വത്ത് തിരയാനും, കണ്ടുകെട്ടാനും അധികാരം നല്‍കുന്ന നിയമമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ( പിഎംഎല്‍എ). ഈ നിയമത്തിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ നടന്നതായി കണ്ടെത്തിയാല്‍ ഇ ഡിക്ക് ഏത് ഏജന്‍സിയില്‍ നിന്നും വിവരങ്ങള്‍ തേടാം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

Share
അഭിപ്രായം എഴുതാം