താമസിക്കുന്നത് റവന്യൂ പുറമ്പോക്കിൽ: വീട് ഒഴിയണമെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രന് നോട്ടീസ്

മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ വീട് ഇരിക്കുന്ന ഇക്കാ നഗറിലെ ഭൂമി പുറമ്പോക്കാണെന്നും, ഏഴു ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. സ്ഥലം ഒഴിപ്പിക്കാൻ പോലീസ് സംരക്ഷണം തേടി സബ് കലക്ടർ ജില്ലാ പോലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയുടെ നിർദ്ദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസറാണ് രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.

ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കും എന്നുമാണ് നോട്ടീസിൽ ഉള്ളത്. ഇക്കാ നഗറിലെ 8 സെൻറ് സ്ഥലത്താണ് രാജേന്ദ്രൻ വീട് വെച്ച് കുടുംബമായി താമസിക്കുന്നത്. നോട്ടീസിന് പിന്നിൽ എം എം മണി എംഎൽഎ ആണെന്ന് രാജേന്ദ്രൻ ആരോപിച്ചു. ഇക്കാനഗറിലെ സർവ്വേ നമ്പർ 843, 843/A എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്.

ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യവുമായി ഇക്കാനഗർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂരേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കാനഗറിൽ 60 കുടുംബങ്ങൾക്ക് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു.

എംഎം മണിയുടെ നേതൃത്വത്തിൽ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ നോട്ടീസ് എന്ന് എസ് രാജേന്ദ്രൻ എം എൽ എ പറഞ്ഞു. മൂന്നാറിൽ നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുൻപ് എംഎം മണി പൊതുവേദിയിൽ ആഹ്വാനം ചെയ്തിരുന്നു. ഇക്കാ നഗറിലെ 60 കുടുംബങ്ങൾക്ക് ഭൂരേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. അതിൽ എന്റെ പേരും ഉണ്ട്. നവംബർ 29നാണ് ഹിയറിങ്. അതിനു മുൻപ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിൽ ഇറക്കി വിടാനാണ് മണിയും കൂട്ടരും റവന്യൂ വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടീസ് നൽകിയിരിക്കുന്നത് എന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം