തിരൂര്‍: മദ്രസയില്‍ പോയി തിരിച്ചുവരുകയായിരുന്ന 2 കുട്ടികള്‍ക്കും 2 മുതിര്‍ന്നവര്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം. കുരുടിശ്ശേരി ഹാരിസിന്റെ മകളും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ യെസ്സി (ഏഴ്), പറശ്ശേരി മുഹമ്മദ് ഹുസൈന്റ മകള്‍ നാനിയ (13) എന്നിവര്‍ക്കാണ് രാവിലെ മദ്രസ വിട്ടു വരും വഴി തിരൂര്‍ പുല്ലൂരിലെ എലിക്കാട്ടുപറമ്പ് അങ്ങാടിയില്‍ വച്ച് തെരുവുനായയുടെ കടിയേറ്റത്.
പ്രദേശവാസിയായ കുന്നത്തുപറമ്പില്‍ കോയക്ക് (72) നേരെ വീട്ടില്‍ നിന്നും അങ്ങാടിയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് രാവിലെ പതിനൊന്നോടെ ആക്രമണമുണ്ടായത്. റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തിരൂര്‍ ചെമ്പ്ര സ്വദേശി കല്ലിടുമ്പില്‍ ജനാര്‍ദ്ദനന്‍(63) നായ വരുന്നത് കണ്ട് ബൈക്ക് നിര്‍ത്തിയെങ്കിലും കാലില്‍ കടിയേറ്റു. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ഒരു ആടിനെയും നായ കടിച്ചു.
കാലത്ത് എട്ടോടെയാണ് കുട്ടികളെ നായ ആക്രമിച്ചത് . ഏഴു വയസുകാരി യെസിക്കു മുഖത്താണ് പരുക്കേറ്റത്. നാസിയ നായയെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടുന്നതിനിടെ നിലത്തുവീണ് കാലിന്റെ എല്ല് പൊട്ടി. ഇതിനിടെ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച തിരൂരിനടുത്തുള്ള താനാളൂരില്‍ വച്ച് പിഞ്ചുകുഞ്ഞിനെ നായ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.