ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും

ദോഹ: ഖത്തര്‍ ലോകകപ്പിലെ സ്വപ്നതുല്യമായ ജയത്തില്‍ ഞെട്ടല്‍ മാറാതെ സൗദി അറേബ്യ. അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലില്‍ അര്‍ജന്റീനയും. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കപ്പെടുക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് അര്‍ജന്റീന ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയതുതന്നെ. തോല്‍വി അറിയാത്ത തുടര്‍ച്ചയായ 36 മത്സരങ്ങളുടെ അര്‍ജന്റീനയുടെ ആത്മവിശ്വാസ ച്ചിറക് സൗദി അരിഞ്ഞ് അറബിക്കടലിലിട്ടു.

ലോകത്തിലെ ഏണ്ണം പറഞ്ഞ ടീം, ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം, കിരീടമുയര്‍ത്തുമെന്നു കരുതുന്ന ടീമുകളില്‍ മുന്‍നിരക്കാര്‍… വിശേഷണങ്ങള്‍ നിരവധിയാണ് അര്‍ജന്റീനയ്ക്ക്.

ഫിഫ ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് മെസിപ്പട. സൗദിക്കാകട്ടെ 51-ാം റാങ്കും. ഇതുമാത്രമല്ല… മെസി അടക്കമുള്ള താരങ്ങളില്‍ ഒട്ടുമിക്കവരും €ബ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ക്കായി ബൂട്ടുകെട്ടുന്നവര്‍. പി.എസ്.ജി. മുതല്‍ സെവിയ വരെയുള്ള രാജ്യാന്തര €ബുകളിലെ പ്രസിദ്ധരും പ്രമുഖരും. രാജ്യാന്തര മത്സരപരിചയ സമ്പത്തിലും അര്‍ജന്റൈന്‍ താരങ്ങള്‍ക്കു ബഹുദൂരം പിന്നിലാണ് സൗദി കളിക്കാര്‍. മെസി 165 രാജ്യാന്തര മത്സരങ്ങളിലും എയ്ഞ്ചല്‍ ഡി മരിയ 124 കളികളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഒരൊറ്റ കളി മാത്രം കളിച്ചിട്ടുള്ള തിയാഗോ അല്‍മാഡയും അര്‍ജന്റീനയുടെ സംഘത്തിലുണ്ട്.

എന്നാല്‍, താരനിബിഡമായ അര്‍ജന്റീനയെ ഭയക്കാതെ കളിച്ച് അവരുടെ വമ്പൊടിച്ച സൗദി അറേബ്യയുടെ ഒരു താരത്തിന്റെയെങ്കിലും പേര്‍ക്ക് എത്ര ഫുട്‌ബോള്‍ പ്രേമികള്‍ക്കറിയാം? സൗദിയുടെ ജയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെ. സൗദി പ്രോ ലീഗില്‍ മാത്രം കളിക്കുന്നവരാണ് അവരുടെ താരങ്ങള്‍. ഇതിന് അപവാദമായി സ്പാനിഷ് ലാലിഗയില്‍ പേരിനു കളിച്ച് പരിചയമുള്ള അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അല്‍ ദൗസരി മാത്രം.

സൗദി ഫുട്‌ബോള്‍ ഫെഡറേഷനും ലാ ലിഗയും തമ്മിലുള്ള ഉടമ്പടി പ്രകാരമായിരുന്നു ദൗസരി വിയ്യാറയലിന് വേണ്ടി കളിച്ചത്. റയാല്‍ മാഡ്രിഡിനെതിരേയുള്ള ഒരു മത്സരത്തില്‍ പകരക്കാരനായി കളിക്കാനായിരുന്നു ദൗസരിയുടെ യോഗം. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിന്റെ താരമാണ് ഇദ്ദേഹം. മറ്റു താരങ്ങള്‍ക്കെല്ലാം പ്രാദേശിക ലീഗുകളില്‍ പന്തുതട്ടിയ പരിചയസമ്പത്തുമാത്രം.

Share
അഭിപ്രായം എഴുതാം