തിരുവനന്തപുരം: കോവിഡിനെ അതിജീവിച്ച വിപണി കൈപിടിച്ച് നടത്തുമെന്ന റബ്ബർ കർഷകന്റെ പ്രതീക്ഷ അസ്ഥാനത്താണ്. അഞ്ചുവർഷം കൊണ്ട് റബ്ബർ വില കൂടിയത് 15 രൂപ മാത്രമാണെങ്കിൽ അരിവില മുപ്പതിൽ നിന്ന് അറുപത്തിമൂന്ന് ആയി. വില സ്ഥിരത ഫണ്ട് പുനസ്ഥാപിച്ചു എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിട്ട് രണ്ടുമാസം പിന്നീടുമ്പോഴും കർഷകന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല.
എണ്ണയ്ക്കും പാലിലും ചായക്കും എല്ലാം നാൾക്കുനാൾ വിലയുയരുന്ന നാട്ടിൽ വിലയില്ലാത്തത് രണ്ടേ രണ്ട് ഉൽപ്പന്നങ്ങൾക്ക് മാത്രം നോട്ടിനും പിന്നെ റബ്ബറിനും. ഒരു ഡോളറിന് 74 രൂപയുണ്ടായിരുന്ന കാലത്ത് 165 രൂപയായിരുന്നു റബ്ബർ വില . രൂപ 80 കടന്നപ്പോഴക്കും റബ്ബർ വില 140 ലേക്ക് കൂപ്പുകുത്തി. റബ്ബർ ഷീറ്റ് മാത്രമല്ല ലാറ്റക്സും ഒട്ടുപാലുമെല്ലാം ഈ വഴി തന്നെ. ഒട്ടുപാൽ വില 92 ൽ നിന്ന് 68. റബ്ബർ ഷീറ്റിന് ആറുമാസം കൊണ്ട് 15 രൂപ കുറഞ്ഞു. ലാറ്റക്സ് വില 170 നിന്ന് 93. ഇരട്ടിപ്രഹരമായി പലപ്പോഴായി വെട്ടിക്കുറച്ചത് റബ്ബർ ബോർഡിന്റെ 25 ഓളം അനുകൂല്യങ്ങളാണ്.
ടാപ്പിംഗ് നിർത്തി തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന കർഷകർ എന്തും വരട്ടെ എന്ന് കരുതി ടാപ്പിംഗ് തുടരാൻ ആഗ്രഹിച്ചാലും തൊഴിലാളികളെ കിട്ടാനില്ല. റബ്ബർ ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണം 12 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി കുറഞ്ഞു എന്നും സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.