ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഒടുവില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍. ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായസര്‍വേഫലത്തിന് അനുസൃതമായാണു തീരുമാനമെന്നു ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് അറിയിച്ചു.

രണ്ടു വര്‍ഷത്തിനുശേഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിമോഹം വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചത്. സാമൂഹിക മാധ്യമ വമ്പനില്‍ കഴിഞ്ഞവര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ട്രംപ് അനുകൂലികള്‍ 2021 ജനുവരി ആറിനു യു.എസ്. ക്യാപിറ്റോള്‍ ഹില്ലില്‍ നടത്തിയ കലാപമാണ് വിലക്കിലേക്കു നയിച്ചത്. ട്രംപിന്റെ ട്വീറ്റുകള്‍ അക്രമകാരികള്‍ക്ക് ഊര്‍ജം പകര്‍ന്നെന്ന കാരണംകാട്ടിയായിരുന്നു വിലക്ക്. ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ട്രംപിന്റെ മടങ്ങിവരവിനു കളമൊരുങ്ങിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ 24 മണിക്കൂര്‍ അഭിപ്രായ സര്‍വേയില്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ടവര്‍ക്കായിരുന്നു നേരിയ മുന്‍തൂക്കം.

51.8 ശതമാനം പേര്‍ ട്രംപിന്റെ തിരിച്ചുവരവിനെ അനുകൂലിച്ചപ്പോള്‍ 48.2 ശതമാനംപേര്‍ എതിര്‍ത്തു.ജനാഭിലാഷപ്രകാരം അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് പിന്നാലെ മസ്‌കിന്റെ പ്രഖ്യാപനവുമെത്തി. അതേസമയം, തീരുമാനത്തോടു ട്രംപിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. വിലക്ക് പിന്‍വലിച്ചാലും വീണ്ടും ട്വിറ്ററില്‍ സജീവമാകേണ്ടെന്ന കടുത്ത നിലപാടിലാണു ട്രംപെന്നാണു വിവരം. സ്വന്തം ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന നെറ്റ്വര്‍ക്കിലൂടെ ജനങ്ങളുമായി സംവദിക്കുന്നതു തുടരാനാണത്രേ ട്രംപിന്റെ തീരുമാനം.

Share
അഭിപ്രായം എഴുതാം