ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്ന പരോക്ഷ സൂചനനൽകി ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

ന്യൂഡൽഹി: സംസ്ഥാനത്തെ സർവകലാശാലകളിൽ പുതിയ വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ട്‌- മൂന്ന് മാസത്തിനുള്ളിൽ പുതിയ വി.സിമാർ സ്ഥാനത്തുണ്ടാകുമെന്ന് ഗവർണർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് നിയമന നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീംകോടതിയിൽ നിന്നും കുഫോസ് വി.സി. നിയമനത്തിൽ ഹൈക്കോടതിയിൽ നിന്നും തനിക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മുന്നോട്ട് പോയാൽ ജുഡീഷ്യറിയുടെ പിൻബലം തനിക്ക് ലഭിക്കുമെന്ന് ഗവർണർ കരുതുന്നതായാണ് വിവരം.

കെ.ടി.യു. വി.സി. നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് ആ സർവകലാശാലയ്ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ, ഈ വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്ന് ഗവർണർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വി.സിമാർക്ക് അദ്ദേഹം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. തന്റെ നിലപാട് ഹൈക്കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം കരുതുന്നു. അതിനാൽ ശേഷിക്കുന്ന സർവകലാശാലകളുടെ വി.സി. നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തൽ. ഇതുവഴി ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓർഡിനൻസിൽ അദ്ദേഹം ഒപ്പിടില്ലെന്ന പരോക്ഷ സൂചനകൂടി നൽകുന്നുണ്ട്.

Share
അഭിപ്രായം എഴുതാം