നൈജീരിയയില്‍ തടവിലായ നാവികര്‍ റിമാന്‍ഡില്‍

കൊച്ചി: നൈജീരിയയില്‍ തടവിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട 16 നാവികരെ കോടതി റിമാന്‍ഡ് ചെയ്തു. മാരിടൈം നിയമത്തിലെ 12-ാം ഉപവിഭാഗം അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നത്. കപ്പല്‍ പോര്‍ട്ട് ഹാര്‍ക്കോട്ടില്‍ എത്തിച്ചശേഷമാണ് ഇവരെ ഫെഡറല്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഇപ്പോള്‍ റിമാന്‍ഡിലായ 16 പേര്‍ പോളണ്ട്, ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ എന്നീ രാജ്യക്കാരാണ്. വിസ്മയയുടെ സഹോദരന്‍ വിജിത്ത് അടക്കമുള്ള മലയാളികളും റിമാന്‍ഡിലായോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.ഇതോടെ മോചനം അനിശ്ചിതമായി നീളാനാണ് സാധ്യത. നൈജീരിയന്‍ നിയമപ്രകാരമുള്ള നടപടികളിലേക്ക് അധികൃതര്‍ കടന്നതോടെ ആശങ്കയിലാണ് നാവികര്‍. ഹീറോയിക് ഇഡുന്‍ കപ്പലിലെ നാവികര്‍ക്കെതിരേ നൈജീരിയ ചുമത്തിയത് ക്രൂഡ് ഓയില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളാണ്. ഈ കുറ്റം തെളിഞ്ഞാല്‍ 12 വര്‍ഷം വരെ തടവു ലഭിച്ചേക്കാം. ശിക്ഷിക്കപ്പെട്ടാല്‍ 35 കോടി നൈജീരിയന്‍ നൈറ കമ്പനിക്കും ഓരോരുത്തര്‍ക്കും 12 കോടി നൈറ വീതം പിഴയും നല്‍കേണ്ടി വരും.

നൈജീരിയയുടെ നിഗര്‍ ഡെല്‍റ്റ് ഓയില്‍ മൈനില്‍നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് കപ്പല്‍ അധികൃതര്‍ക്കെതിരായ കുറ്റം. ഓഗസ്റ്റ് മാസം അപ്‌കോ ഓയില്‍ ഫീല്‍ഡിലെ സ്‌പെഷല്‍ ഇക്കണോമിക് സോണില്‍ ഹീറോയിക് ഇഡുന്‍ കപ്പല്‍ പ്രവേശിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.നൈജീരിയയിലെ ബോണി ആങ്കേറജിലുള്ള ഹീറോയിക് ഇഡുന്‍ കപ്പലിലാണു നാവികര്‍ കഴിയുന്നത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിനു കൂടുതല്‍ സമയമെടുക്കുമെന്ന സൂചനയാണു പുറത്തുവരുന്നത്.

ആയുധധാരികളായ നൈജീരിയന്‍ നാവികസേന കപ്പലില്‍ കാവലിലുണ്ട്. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് കപ്പിലിനെതിരേ ഉന്നയിക്കുന്നത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമനടപടിയാകും നടക്കുക. എന്നാല്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു നാവികര്‍. തര്‍ക്കം നീളുന്നതോടെ പ്രശ്‌നം രാജ്യാന്തര കോടതിയിലേക്കടക്കം നീണ്ടേക്കും. നയതന്ത്രതല ശ്രമങ്ങള്‍ക്കൊപ്പം കപ്പല്‍ കമ്പനി ട്രിബ്യൂണലിനു നല്‍കിയ കേസിലും വാദം ഉടന്‍ തുടങ്ങും.

നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകട്ടെയെന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പിഴത്തുകയായി 20 ലക്ഷം ഡോളര്‍ അടച്ചെങ്കിലും കപ്പല്‍ നൈജീരിയിലെത്തിച്ചു പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം. കടല്‍നിയമങ്ങള്‍ അട്ടിമറിച്ചതിലും അന്വേഷണം നടക്കണം. പിടികൂടുംമുമ്പ് ഉപഗ്രവുമായുള്ള ബന്ധം കപ്പല്‍ വേര്‍പെടുത്തിയതിലും ദുരൂഹത കാണുന്നുണ്ട്. അതുകൊണ്ട് നയതന്ത്ര നീക്കങ്ങള്‍ക്കപ്പുറം, നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന നൈജീരിയയുടെ നിലപാടാണ് തിരിച്ചടിയായത്.

Share
അഭിപ്രായം എഴുതാം