ഭര്‍ത്താവിനെ കൊന്ന് അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചുമൂടിയ യുവതിയും കാമുകനും പിടിയില്‍

ഗാസിയാബാദ്: ഭര്‍ത്താവിനെ വെടിവച്ചുകൊന്ന് അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചുമൂടിയ യുവതിയും കാമുകനും നാലുവര്‍ഷത്തിനുശേഷം പിടിയില്‍. ഗാസിയാബാദില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയതോടെ.

ഗാസിയബാദ് സ്വദേശിയായ ചന്ദ്രവീര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സവിത, കാമുകനും അയല്‍ക്കാരനുമായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. 2018-ല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി സവിത നല്‍കിയ പരാതിയാണ് കേസിന് ആധാരം. തിരോധാനത്തില്‍ ചന്ദ്രവീറിന്റെ ഇളയ സഹോദരനെ സംശയമുണ്ടെന്ന സവിതയുടെ ആരോപണത്തില്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അടുത്തിടെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ വീട്ടില്‍നിന്ന് ചന്ദ്രവീറിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തതോടെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

സവിതയും അരുണും തമ്മിലുള്ള അവിഹിതബന്ധമാണ് ചന്ദ്രവീറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസ് നല്‍കുന്ന സൂചന. ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കാനായി ചന്ദ്രവീറിനെ വെടിവച്ചുവീഴ്ത്തി കഴുത്തറുത്തു കൊല്ലുകയായിരുന്നു. പിന്നീട് സവിതയും അരുണും ചേര്‍ന്ന് അരുണിന്റെ വീട്ടില്‍ ഏഴടിയോളം താഴ്ചയുള്ള കുഴിയില്‍ മൃതദേഹം മറവു ചെയ്തു. സിമെന്റ് ഉപയോഗിച്ച് കുഴി മൂടിയശേഷം അരുണ്‍ അതേ വീട്ടില്‍ താമസം തുടരുകയായിരുന്നു. ചന്ദ്രവീറിനെ കൊല്ലുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ അരുണിന്റെ വീട്ടില്‍ കുഴി തയാറാക്കിയിരുന്നുവെന്നാണു പോലീസിന്റെ നിഗമനം.പോലീസ് നടത്തിയ പരിശോധനയില്‍ അരുണിന്റെ വീട്ടില്‍നിന്ന് അസ്ഥികൂടം കണ്ടെടുത്തു. ദുര്‍ഗന്ധം വമിക്കാതിരിക്കാനാണു മൃതദേഹം ആഴത്തില്‍ കുഴിച്ചിട്ടതെന്നും കൊലപാതകത്തിനുപയോഗിച്ച പിസ്റ്റളും മഴുവും കണ്ടെത്തിയതായും പോലീസ് സൂപ്രണ്ട് (ക്രൈം) ദിക്ഷ ശര്‍മ്മ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →