പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടും: മന്ത്രി ആർ ബിന്ദു

പ്രൊബേഷൻ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ  ഈ വർഷത്തെ പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഏകദിന സെമിനാറും പ്രൊബേഷൻ ദിനമായ നവംബർ 15 രാവിലെ 10നു തിരുവനന്തപുരം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ മന്ത്രി നിർവ്വഹിക്കും.

കേരളത്തിലെ പ്രൊബേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇതുമായിബന്ധപ്പെട്ട് കോടതി,ജയിൽ,പോലീസ്, പ്രോസിക്യൂഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി 2019 മുതലാണ്  ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ജന്മദിനം പ്രൊബേഷൻ ദിനമായി ആചരിച്ചു പോരുന്നത്. സംസ്ഥാന, ജില്ലാതലങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ്  തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നല്ലനടപ്പ് സംവിധാനത്തെ കുറിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പരിവർത്തനോന്മുഖ ജീവിത സാഹചര്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, ജയിൽ ഇതര ശിക്ഷാസമ്പ്രദായം വ്യാപിപ്പിക്കുക, കുറ്റവാളികളുടെ പുനരധിവാസവും ജീവിതവും മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ജില്ലാപ്രൊബേഷൻ ഓഫീസുകളുടെയും ജില്ലാലീഗൽ സർവീസ് അതോറിറ്റയുടെയും ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും പബ്ലിക് പ്രോസിക്യൂട്ടർമാർ,  അഭിഭാഷകർ,  പാരാലീഗൽ വോളന്റിയർമാർ, ലോ കോളേജ് വിദ്യാർത്ഥികൾ ,എന്നിവർക്കായി ഏകദിന സെമിനാർ, ജനപ്രതിനിധികൾക്കായി അവബോധ രൂപീകരണ പരിപാടി, പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം മുതലായവയും സംഘടിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →