വറ്റല്‍ മുളകിന്റെ വില കിലോ ഗ്രാമിന് 350: സപ്ലൈക്കോയില്‍ സ്‌റ്റോക്കില്ല

നാദാപുരം,: പൊതു വിപണിയില്‍ വറ്റല്‍ മുളകിന്റെ വില കിലോ ഗ്രാമിന് 350 കടന്നിട്ടും സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ വറ്റല്‍മുളക് സ്‌റ്റോക്കില്ലാത്ത അവസ്ഥ തുടരുന്നു. സപ്ലൈക്കോ വില്‍പന കേന്ദ്രങ്ങളായ മാവേലി, ലാഭം മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ മാസം പേരിന് മാത്രമാണ് വറ്റല്‍മുളക് വില്‍പ്പനക്കെത്തിയത്.

ഈ മാസം രണ്ടാഴ്ച്ച പിന്നിട്ടിട്ടും വറ്റല്‍ മുളക് ഇതുവരെ വില്‍പ്പനയ്‌ക്കെത്തിയില്ല. അതേ സമയം പൊതു വിപണിയില്‍ നാടന്‍ വറ്റല്‍മുളകിന്റെ വില കുതിച്ചുയരുകയാണ്. നിറവും സ്വാദും കൂടുതലുള്ള കാശ്മീരി മുളകിന്റെ വില കിലോം ഗ്രാമിന് 450 രൂപയ്ക്ക് മുകളിലായി. നേരത്തെ പച്ചമുളകിന് കിലോം ഗ്രാം നൂറ് രൂപയ്ക്കടുത്ത് വില ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ 40 രൂപയായി കുറഞ്ഞിട്ടുണ്ട്. പച്ചമുളക് വില താഴ്ന്നിട്ടും വറ്റല്‍ മുളക് വില ഏറെ ഉയര്‍ന്നു നില്‍ക്കുന്നത് ഇതാദ്യമാണ്. മാവേലി സ്‌റ്റോറുകളില്‍ റേഷന്‍ കാര്‍ഡ് ഒന്നിന് 75 രൂപ നിരക്കിലാണ് ഒരു കിലോം ഗ്രാം വറ്റല്‍മുളക് നല്‍കുന്നത്. സബ്‌സിഡി ഇല്ലാതെ ഫ്രീസൈല്‍ വില്‍പ്പന ഇവിടങ്ങളില്‍ 290 രൂപ മാത്രമാണ്.

സബ്‌സിഡി ഇല്ലാതെ സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ 300 രൂപക്ക് താഴെ യഥേഷ്ടം വറ്റല്‍ മുളക് വില്‍ക്കുമ്പോള്‍ പൊതു വിപണിയില്‍ വില കത്തി കയറുകയാണ്. സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ സ്‌റ്റോക്ക് ഇല്ലാത്തതു കൊണ്ടാണ് പൊതു വിപണിയില്‍ തോന്നും പോലെ വില ഉയര്‍ത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. നാട്ടിന്‍ പുറങ്ങളില്‍ മാവേലിയില്‍ വറ്റല്‍മുളക് ലഭ്യമല്ലാത്തതിനാല്‍ കര്‍ഷക തൊഴിലാളികളും കൂലി പണിക്കാരും ഏറെ പ്രയാസപ്പെടുകയാണ്.

മാവേലി സ്‌റ്റോറുകളില്‍ മുളക് ലഭ്യമല്ലെന്ന ബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഡിപ്പോകളില്‍ നിന്ന് മുളക് കിട്ടുന്നില്ലെന്നാണ് സ്‌റ്റോര്‍ മാനേജര്‍മാര്‍ പറയുന്നത്.
ചില ഉല്‍പന്നങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സപ്ലൈക്കോ വില്‍പ്പന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സ്‌റ്റോക് എത്തുന്നതോടെ പൊതു വിപണി വില താഴ്ന്നു വരികയാണ് പതിവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →