ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പതിനൊന്നായിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. കമ്പനിയിൽ മൊത്തം ജോലിയെടുക്കുന്നവരുടെ 13 ശതമാനത്തോളം വരുമിത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, മെസ്സഞ്ചർ എന്നിവയെയെല്ലാം ഈ കൂട്ടപ്പിരിച്ചുവിടൽ ബാധിക്കും. അതേസമയം പിരിച്ചുവിടലിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് മെറ്റ മേധാവി മാർക്ക് സക്കർബർഗ്.
‘കമ്പനി ഈ വിധത്തിലായതിന്റെയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിന്റെയുമെല്ലാം ഉത്തരവാദിത്വം ഞാനേറ്റെടുക്കുകയാണ്. എല്ലാവരെയും ഇത് വളരെക്കൂടുതലായി ബാധിച്ചിട്ടുണ്ട് എന്നെനിക്കറിയാം. അവരോടൊക്കെ ഞാൻ മാപ്പ് ചോദിക്കുകയാണ്’, ബ്ലോഗ് പോസ്റ്റിൽ കമ്പനി മേധാവി മാർക്ക് സക്കർബർഗ് കുറിച്ചു. കോവിഡിനു പിന്നാലെ ടെക്ക് കമ്പനികളെയാകെ പൊടുന്നനെ പിടികൂടിയ പ്രതിസന്ധിയാണ് ഈ പരിതാപകരമായ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
‘കോവിഡ് അവസാനിച്ചാലും ഈ പ്രതിസന്ധി സ്ഥായിയായി നിലനിൽക്കുമെന്നാണ് എല്ലാവരും പ്രവചിച്ചിരുന്നത്. ഞാനും അതെ. അതുകൊണ്ടുതന്നെ, നിക്ഷേപം വർധിപ്പിക്കാനാണ് ഞങ്ങൾ സുപ്രധാനമായി ശ്രമിച്ചത്. പക്ഷേ, നിർഭാഗ്യവശാൽ അത് പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല’, സക്കർബർഗ് പറഞ്ഞു.
‘ഇന്ന് ഒരു കമ്പനി എന്ന നിലയിൽ വിലകുറഞ്ഞ രീതിയിലാണ് ഞങ്ങളെ കണക്കാക്കുന്നത് എന്ന് ഞാൻ കരുതുന്നു. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനായി കോടിക്കണക്കിന് പേരാണ് ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നുണ്ട്. നമ്മുടെ സമൂഹം വളർന്നുകൊണ്ടിരിക്കുകയാണ്. വളരെ സാധ്യതകൾ തുറന്നുകിടക്കുന്ന, അങ്ങേയറ്റം ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു ബിസിനസാണിത്. അതുകൊണ്ടുതന്നെ കാര്യക്ഷമമായി പണിയെടുത്താൽ പ്രതിരോധിക്കാവുന്നതാണ് ഇപ്പോഴത്തെ ഈ മാന്ദ്യമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’സക്കർബർഗ് കൂട്ടിച്ചേർത്തു.
പുറത്താക്കപ്പെടുന്ന ജോലിക്കാർക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഓരോ വർഷത്തിലും രണ്ടാഴ്ചത്തെ അധിക ശമ്പളവും നൽകുമെന്ന ഉറപ്പും സക്കർബർഗ് നൽകുന്നുണ്ട്. പിരിച്ചുവിടപ്പെടുന്നതോടെ യു.എസിൽ തൊഴിൽ വിസയിൽ താമസിച്ചുവരുന്ന തങ്ങളുടെ ജോലിക്കാരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും മെറ്റ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഇവർക്കും കുടുംബത്തിനും ആറുമാസത്തെ ആരോഗ്യ ഇൻഷൂറൻസും നൽകും. യു.എസിന് പുറത്തുള്ള ജോലിക്കാർക്കും ഈ സൗകര്യങ്ങൾ നൽകുമെന്നും മെറ്റ അറിയിക്കുന്നു.
പിരിച്ചുവിടപ്പെട്ടവർക്ക് കമ്പനി ഭാഗത്തുനിന്ന് ഔദ്യോഗികമായ ഇ-മെയിൽ സന്ദേശം ഉടനെയെത്തും. ഇതുസംബന്ധിച്ച സംശയനിവൃത്തിക്കും അന്വേഷണങ്ങൾക്കും അവസരം നൽകുമെന്നും സക്കർബർഗ് അറിയിച്ചു. നിലവിൽ പിരിച്ചുവിടാൻ തീരുമാനിച്ച എല്ലാവർക്കും കമ്പനിയുടെ നെറ്റ് വർക്ക് സിസ്റ്റത്തിലേക്ക് ഇനി പ്രവേശിക്കാൻ കഴിയില്ല. ഇവർക്ക് കമ്പനിയുമായി ഇ മെയിൽ വഴി മാത്രമാണ് തുടർന്ന് ബന്ധപ്പെടാനാവുകയെന്നും സക്കർബർഗ്