കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ രണ്ടു പുതിയ ഹോസ്റ്റലുകള്‍ പൂര്‍ത്തിയായി. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ സഹായത്തോടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ ഹോസ്റ്റല്‍ വീതമാണ് പൂര്‍ത്തിയായിട്ടുള്ളത്.ഓരോന്നിലും നൂറു പേര്‍ക്കു വീതം താമസിക്കാം. 2020 ജനുവരിയിലാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ചെലവ് 5.45 കോടി. 2019 നവംബറില്‍ നിര്‍മ്മാണം തുടങ്ങിയ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ചെലവ് 3.59 കോടിയാണ്.
നാലു നിലകളിലായുള്ള ഹോസ്റ്റലിനു ലിഫ്റ്റ് സൗകര്യമുണ്ട്. ഭിന്നശേഷി സൗഹൃദപരമാണു കെട്ടിടം. റാമ്പ് സൗകര്യവും ഭിന്നശേഷിവിഭാഗക്കാര്‍ക്കായി പ്രത്യേക ശൗചാലയവും ഉണ്ട്. നിലവില്‍ അഞ്ച് ഹോസ്റ്റലുകളാണ് ക്യാമ്പസിലുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ സഹായത്തോടെ നാല് ഹോസ്റ്റലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇതില്‍ 900 പേര്‍ക്ക് താമസിക്കാനാകും. ഹോസ്റ്റലുകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച അടുക്കളയും ഊട്ടുപുരയുമടങ്ങുന്ന രണ്ട് ഭക്ഷണശാലകളുടെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്.


