വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യാശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസി ആത്മഹത്യക്കു ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറന്‍സിക് സെല്ലില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ രക്ഷപ്പെടുത്തുകയായിരുന്നു. വിനേഷിനെതിരേ ആത്മഹത്യാശ്രമത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. നേരത്തെയും ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15ന് വിനേഷ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിച്ചിരുന്നു. നേരത്തെ സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് വിനേഷ് ആത്മഹത്യാശ്രമം നടത്തിയത്. മഞ്ചേരി സബ് ജയിലിലെ സെല്ലില്‍ വിനീഷ് തുടര്‍ച്ചയായി ഛര്‍ദ്ദിക്കുന്നതുകണ്ട ജയില്‍ വാര്‍ഡന്‍മാര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊതുകുതിരി കഴിച്ചാണ് വിനീഷ് അന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

2021 ജൂണിലാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാന്‍ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ അച്ഛന്റെ കടയ്ക്കു തീവച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വീട്ടിലെത്തിയത്. ദൃശ്യയുടെ വീട്ടില്‍ നിന്നു തന്നെ കത്തിയെടുത്താണ് ആക്രമണം നടത്തിയത്.

Share
അഭിപ്രായം എഴുതാം