നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തെ തുറന്നുവിട്ടു

ഭോപ്പാല്‍: നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തിനെ ക്വാറന്റീനിന് ശേഷം തുറന്നുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചീറ്റകള്‍ ആരോഗ്യത്തോടെ കഴിയുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.സെപ്റ്റംബറിലാണ് 30-66 മാസം പ്രായമുള്ള എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്. ഇവയില്‍ അഞ്ചെണ്ണം പെണ്ണും മൂന്നെണ്ണം ആണുമാണ്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷം ചീറ്റകളെ ഘട്ടം ഘട്ടമായി തുറന്നു വിടുന്നതാണ് ആരംഭിച്ചിരിക്കുന്നത്. ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ചീറ്റകളുടെ കഴുത്തില്‍ സാറ്റെലെറ്റ് ചിപ്പ് ഘടിപ്പിച്ച കോളറുമുണ്ട്.അതേസമയം, ചീറ്റകളില്‍ ഒന്നിന്റെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ട്. ആശയെന്ന ചീറ്റപ്പുലിയുടെ ഗര്‍ഭമാണ് അലസിയത്. സെപ്റ്റംബര്‍ അവസാനത്തോടെ പ്രസവിക്കേണ്ടിയിരുന്ന ചീറ്റ നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. തുടര്‍ന്നാണ് ഗര്‍ഭം അലസിയതായി സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പറിച്ചുനടലിന്റെ സമ്മര്‍ദമാകാം ഗര്‍ഭം അലസാന്‍ കാരണമെന്നു വിലയിരുത്തുന്നു. നീണ്ട 70 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയില്‍ വീണ്ടും ചീറ്റകളെത്തുന്നത്. 1947 ല്‍ ഛത്തീസ്ഗഡിലെ കൊറയേയിലാണ് അവസാന ചീറ്റപ്പുലി ചത്തത്. 1952 ല്‍ ചീറ്റകള്‍ക്ക് ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

Share
അഭിപ്രായം എഴുതാം