ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് കോടതി വിളക്ക് ആഘോഷം ന‌ടന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകർ ഒരുക്കാറുള്ള കോടതി വിളക്ക് ആഘോഷം ന‌ടന്നു. ക്ഷേത്രത്തിനകത്തും നടപ്പന്തലിലുമെല്ലാം വിളക്ക് തെളിയിച്ചു. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വിവിധ കലാപരിപാടികൾ ന‌‌ടന്നു. വിളക്കാഘോഷത്തിൻറെ ഭാഗമായി നടന്ന കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കക്കാട് രാജപ്പൻ മാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി.

സാംസ്കാരിക പരിപാടികൾ ജസ്റ്റിസ് പി സോമരാജൻ ഉദ്ഘാടനം ചെയ്തു. അഗതി മന്ദിരത്തിൽ നടന്ന അന്നദാനത്തിൽ ജഡ്ജിമാരായ എൻ ശേഷാദ്രിനാഥ്, എ പി ഷിബു എന്നിവർ പങ്കെടുത്തു. കോടതി വിളക്കിൻറെ നടത്തിപ്പിൽ നിന്ന് ജഡ്ജിമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി തൃശ്ശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചിരുന്നു. ചാവവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന ‘കോടതി വിളക്കി’ൽ നിന്ന് വിട്ടു നിൽക്കണമെന്നായിരുന്നു നിർദേശം നൽകിയിരുന്നത്.

ഹൈക്കോടതിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുടേതായിരുന്നു നിർദേശം. ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും ഇതെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ വിലയിരുത്തി. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി നിലപാട് സ്വീകരിച്ചത്.

Share
അഭിപ്രായം എഴുതാം