കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി

സോള്‍: ഉത്തരകൊറിയന്‍ യുദ്ധവിമാനങ്ങള്‍ ദക്ഷിണകൊറിയയെ വട്ടമിട്ടു പറന്നതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി. ഉത്തരകൊറിയയുടെ 180 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലൂടെ പറന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മിലിട്ടറി ഡീമാര്‍ക്കേഷന്‍ ലൈനിനു സമീപത്തുകൂടിയാണ് വിമാനങ്ങള്‍ പറന്നത്.ഇതിനു മറുപടിയായി എഫ്- 35 എ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 80 വിമാനങ്ങള്‍ സജ്ജമാക്കി നിര്‍ത്തിയതായും ദക്ഷിണകൊറിയന്‍ സൈന്യം അറിയിച്ചു. മിസൈലുകളും പ്രയോഗിച്ചു. യു.എസ്. സഹകരണത്തോടെ നടക്കുന്ന, 240 യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന സൈനികാഭ്യാസ പ്രകടനം തുടരും.
സംഘര്‍ഷാവസ്ഥ കുറയ്ക്കാനായി 2018 ല്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാറിനു വിരുദ്ധമാണ് ഉത്തരകൊറിയയുടെ നടപടിയെന്നു ദക്ഷിണകൊറിയ പറഞ്ഞു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ലീ ജോങ് സപ് ചര്‍ച്ച നടത്തി.

യു.എസും ദക്ഷിണ കൊറിയയും ചേര്‍ന്ന് നടത്തുന്ന സൈനികപരിശീലനം നിര്‍ത്തിവയ്ക്കണമെന്നാണ് ഉത്തര കൊറിയയുടെ ആവശ്യം. പരിശീലനം തുടങ്ങിയതിനു പിന്നാലെ ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണമടക്കം തുടര്‍ച്ചയായി പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ വര്‍ഷം ഉത്തരകൊറിയ നിരവധിതവണ മിസൈല്‍ പരീക്ഷിച്ചു. 2017നു ശേഷം ആദ്യമായി ആണവായുധ പരീക്ഷണം നടത്താന്‍ ഉത്തരകൊറിയ രഹസ്യനീക്കം നടത്തുന്നതായി യു.എസും ആരോപിച്ചു.ദക്ഷിണ കൊറിയയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഉത്തരകൊറിയ 23 മിസൈലുകളാണ് വിക്ഷേപിച്ചത്.

Share
അഭിപ്രായം എഴുതാം