ശ്രീനഗര്‍: പാകിസ്താനെതിരായ ഏതൊരു സൈനിക നടപടിക്കും ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എ.ഡി.എസ്. ഔജ്ല. പാക് അധിനിവേശ കശ്മീര്‍ (പി.ഒ.കെ) വീണ്ടെടുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൂചന നല്‍കിയതിനു പിന്നാലെയാണ് പ്രതികരണം. ശ്രീനഗറിലെ ”ശൗര്യ ദിവസ്” പരിപാടിയില്‍ സംസാരിക്കവേയാണ് രാജ്നാഥ് ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ പരാമര്‍ശം നടത്തിയത്. നമ്മള്‍ വടക്കോട്ട് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. 1994 ഫെബ്രുവരി 22 ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയ പ്രമേയം ഗില്‍ജിത്തില്‍ എത്തി നടപ്പിലാക്കുമ്പോള്‍ ആ യാത്ര പൂര്‍ത്തിയാകും എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ വാക്കുകള്‍.
ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ശ്രീനഗറില്‍ കമാന്‍ഡിങ് ഓഫീസര്‍ മറുപടി നല്‍കിയത്. കേന്ദ്രം അത്തരമൊരു തീരുമാനമെടുത്താല്‍ ഉത്തരവുകള്‍ ഞങ്ങള്‍ക്ക് വരും. പിന്നെ തിരിഞ്ഞുനോക്കില്ല. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇന്ത്യന്‍ സൈന്യം ഏറെ കരുത്തുറ്റതായി. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണ്. അവസരം ലഭിക്കുമ്പോഴെല്ലാം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും.- ഔജ്ല പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ശേഷമുള്ള സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് കമാന്‍ഡറുടെ മറുപടി ഉടനെത്തി: ”ഇത് വളരെ നല്ല വര്‍ഷമാണ്. താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിച്ചു. 32 വര്‍ഷത്തിനിടയില്‍ ഇതാദ്യമാണ് നുഴഞ്ഞുകയറ്റം ഇത്ര കുറയുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ എട്ട് ഭീകരര്‍ മാത്രമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. അതില്‍ മൂന്ന് പേരെ ഇല്ലാതാക്കി”.