ഭൂമി വിവരങ്ങൾ ഡിജിറ്റൽ ഫ്ലാറ്റ്ഫോമിലേക്ക്

എന്റെ ഭൂമി’ ഡിജിറ്റൽ റിസർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി 

മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ജില്ലയിൽ തുടക്കമായി. ‘എന്റെ ഭൂമി’ ഡിജിറ്റൽ റിസർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിര്‍വഹിച്ചു. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്വന്തം ഭൂമിയുടെ അളവും തർക്കമില്ലാത്ത അവകാശ രേഖയും ഓരോ പൗരന്റെയും അവകാശമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ റീസർവ്വേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച വിവരങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകും. ഇതു വഴി ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വര്‍ഷം കൊണ്ട് മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൈവശത്തിന്റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി ഒരു സമഗ്ര ഭൂരേഖ തയ്യാറാക്കും. ജില്ലയിലെ മുഴുവൻ വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകും.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ 16 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവ്വേ പൂർത്തിയാക്കുക. തുറയൂർ, എരവട്ടൂർ, മൂടാടി, ഉള്ളിയേരി, നടുവണ്ണൂർ, തിക്കോടി, ചെറുവണ്ണൂർ, അരിക്കുളം, കരുവട്ടൂർ, തൂണേരി, നാദാപുരം, ചെക്കിയാട്, വളയം, നടക്കുതാഴ, പുത്തൂർ, രാരോത്ത് വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 118 വില്ലേജുകളിൽ അഞ്ചെണ്ണത്തിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 113 വില്ലേജുകളാണ് ഇനി ബാക്കിയുള്ളത്. കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ വില്ലേജിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവേ ആരംഭിച്ചത്. ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വ്വേ പൂര്‍ത്തീകരിക്കുക.

സര്‍വേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്‍പ് ഇതിന്റെ കരട് ഭൂവുടമക്ക് കാണാനും പരാതികള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാനും അവസരം ലഭിക്കും. ഡിജിറ്റല്‍ സര്‍വെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. പൊതുജനങ്ങളെ ഡിജിറ്റല്‍ റീസര്‍വേ നടപടികളെ കുറിച്ച് ബോധ്യപ്പെടുത്തിയശേഷം അവരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി പൂര്‍ത്തിയാക്കുക.

പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സർവ്വേ ജോയിന്റ് ഡയറക്ടർ ഡി മോഹൻദേവ് പദ്ധതി വിശദീകരണം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ലിസി, അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.കെ സുഗതൻ മാസ്റ്റർ, വൈസ് പ്രസിഡന്റുമാരായ വി.പി പ്രവിത, കെ.എം റീന, പഞ്ചായത്തംഗം പി ജോന, വടകര ആർ.ഡി.ഒ സി.ബിജു, റവന്യൂ, സർവ്വേ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് സ്വാഗതവും കോഴിക്കോട് സർവ്വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടർ എൻ.കെ രാജൻ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →