കോത്തൂര്‍(തെലങ്കാന): ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനും ഇതര പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) വിശദാംശങ്ങള്‍ പരസ്യമാക്കുന്നതിനും പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനസംഖ്യയുടെ ഘടന പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
സാമൂഹിക-സാമ്പത്തിക- ജാതി സെന്‍സസെന്ന ആശയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചതു കോണ്‍ഗ്രസാണെന്നും രാഹുല്‍ തെലങ്കാനയിലെ കോത്തൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അവതരിപ്പിച്ച ജാതി സെന്‍സസിന്റെ സദുദ്ദേശ്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ജനസംഖ്യയിലെ ഇതര പിന്നാക്ക വിഭാഗ(ഒ.ബി.സി)ത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങളും പുറത്തുവിടണം.ജനസംഖ്യയുടെ ഘടനയെപ്പറ്റി ജനത്തിന് അവബോധമുണ്ടായിരിക്കണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ സംഘടിപ്പിച്ച 2011-ലെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.
അന്തര്‍ലീനമായ അടിസ്ഥാനപരമായ പിശകുകളുണ്ടെന്നുകാട്ടി റിപ്പോര്‍ട്ട് പുറത്തുവന്നില്ല. രാഷ്ട്രീയപരമായ തിരിച്ചടികളുണ്ടായേക്കുമെന്ന കണക്കുകൂട്ടലാണ് റിപ്പോര്‍ട്ട് വെളിച്ചംകാണാതിരിക്കാന്‍ കാരണമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാനും കുത്തകവ്യവസായികളെ പിന്തുണച്ച് ചെറുകിട-ഇടത്തരം സംരംഭകരെ തുടച്ചുനീക്കുന്ന സമീപനമാണ് കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരും തെലങ്കാനയിലെ ടി.ആര്‍.എസ്. സര്‍ക്കാരും അനുവര്‍ത്തിക്കുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാല്‍ വ്യാവസായിക അന്തരീക്ഷം സുതാര്യമാക്കുന്നതിനൊപ്പം ഇപ്പോഴത്തെ രീതിയില്‍ സമ്പത്ത് ഏതാനും വ്യക്തികളില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്കു മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.