സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു, ശിവശങ്കര്‍ സ്വപ്‌നയടക്കമുള്ളവരെ ഭീഷണി പെടുത്തുന്നുവെന്നും ഇഡി

ന്യൂഡല്‍ഹി: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തുടര്‍വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിലുറച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയതിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണമാണ് ഇ ഡി സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ല എന്നും ഇ ഡി വ്യക്തമാക്കി. കേസ് അന്വേഷിച്ച ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെന്ന മുന്‍ സത്യവാങ്മൂലത്തിലെ ആരോപണം ഇത്തവണയും ഇഡി ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ ഇ.ഡി. രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സ്വര്‍ണ കത്ത് കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയില്‍ ഇ ഡി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്ക് എതിരേ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദവും ഗൂഢലക്ഷ്യവുമാണെന്നും സര്‍ക്കാര്‍ മുന്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

ഇ.ഡി. പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോള്‍ മജിസ്ട്രേറ്റിനും മാധ്യമങ്ങള്‍ക്കും മുമ്പാകെ പറയുന്നതെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നയെ പൊലീസ്, ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി. മൂന്നാം പ്രതി സന്ദീപ് നായര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി, തുടര്‍ന്നു കേരള പൊലീസ് കേസെടുത്തു, ഒന്നാം പ്രതി സരിത്തിനും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഭീഷണി നേരിടേണ്ടി വന്നു. കേസിലെ 1 മുതല്‍ 3 വരെ പ്രതികളായ പി.എസ്.സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സംസ്ഥാന സര്‍ക്കാരും കേരള പൊലീസിലെ ഉന്നതരും ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കുന്നു. നാലാം പ്രതിയും സര്‍ക്കാരിലെ ഉന്നതനുമായ എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണിത്. ഉന്നത ബന്ധമുള്ളതു കൊണ്ടു സ്വപ്ന സുരേഷ് നേരത്തെ ഇഡിക്കു നല്‍കിയ മൊഴികള്‍ പിന്‍വലിപ്പിക്കാന്‍ വലിയ സമ്മര്‍ദമുണ്ട്. അടുത്തിടെ മജിസ്‌ട്രേട്ടിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇക്കാര്യം വ്യക്തമാണ് എന്നിങ്ങനെയുള്ള കാര്യങ്ങളും വിചാരണ മാറ്റണമെന്ന ആവശ്യത്തിനൊപ്പം ഇഡി ആരോപിക്കുന്നു.

Share
അഭിപ്രായം എഴുതാം