ശ്രീലങ്കൻ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അസറുദ്ദീനെ എൻ.ഐ.എ ചോദ്യം ചെയ്തേക്കും

തൃശൂർ: കോയമ്പത്തൂർ ഉക്കടത്ത് ഈശ്വരൻ ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്‌ഫോടനത്തിൽ മരിച്ച ഉക്കടം ജി.എം.നഗർ സ്വദേശി ജമേഷ മുബിനുമായി (25) ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ശ്രീലങ്കൻ സ്‌ഫോടനക്കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന ഉക്കടം കോട്ടമേട് സ്വദേശി മുഹമ്മദ് അസറുദ്ദീനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാൻ എൻ.ഐ.എ നിർദ്ദേശപ്രകാരം അസറുദ്ദീനിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ പള്ളിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് അസറുദ്ദീനെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് അയച്ചത്. മുബിന്റെ സുഹൃത്താണ് അസറുദ്ദീനെന്നും ശ്രീലങ്കൻ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാൻ ഹാഷിമുമായി മുബിന് ഫേസ്ബുക്ക് സൗഹൃദമുണ്ടായിരുന്നു എന്നും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ മുബിൻ അസറുദ്ദീനെ ജയിലിൽ സന്ദർശിച്ചിരുന്നു എന്ന സംശയവുമുണ്ട്.

2019 മുതൽ അസറുദ്ദീനെ സന്ദർശിച്ചവരുടെ വിവരം സ്‌പെഷ്യൽ ബ്രാഞ്ച് എൻ.ഐ.എയ്ക്ക് കൈമാറി. 2020 ഒക്ടോബർ അഞ്ചിന് മുബിൻ ഹഖ് എന്നയാൾ മലപ്പുറം കൊണ്ടോട്ടിയിലെ വിലാസം നൽകി സ്വർണ്ണക്കടത്ത് കേസിലെ പ്രതി അംജദ് അലിയെ കണ്ടിരുന്നു. ഇയാളാണോ മുബിനെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്

Share
അഭിപ്രായം എഴുതാം