ഇത് മനുഷ്യൻ മനുഷ്യനെ കൊന്നു തിന്നുന്ന നാടോ ?

നരഭോജികൾ – അന്ധവിശ്വാസങ്ങളുടെയും ആഭിചാരങ്ങളുടെയും കാലങ്ങളെക്കുറിച്ച് കേട്ട് കേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അമാനുഷിക ശക്തികൾ നേടാനും ഭൂമി ദേവിയുടെ ഫലഭുയിഷ്ഠതക്കും മാറാരോഗ വിമുക്തിക്കും തുടങ്ങി സകലമാന പ്രശ്നങ്ങൾക്കും പരിഹാരമാർഗമായി അന്ധവിശ്വാസത്തിന്റ മൂർദ്ധന്യാവസ്ഥയിൽ നിന്നുകൊണ്ട് എല്ലാത്തിനെയും നരബലി എന്ന നാലക്ഷരത്തിൽ ഉൾക്കൊള്ളിച്ച് ദൈവ പ്രീതിക്ക് വേണ്ടി മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്ന രീതി മുൻകാലങ്ങളിൽ ഏറെ ഉണ്ടായിരുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ ഇന്നും നടന്നുവരുന്നുണ്ട് ഈ പ്രാകൃതമായ ആചാരം.

ദൈവത്തിന്റ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന ഈ മലയാള മണ്ണിലും ആ ഒരു ഭീകരാവസ്ഥ കാണേണ്ടിവന്നു എന്നത് പരിതാപകരം തന്നെ. ഇത്തരം അന്ധവിശ്വാസങ്ങൾക്ക് കീഴ്പെട്ട് കഴിയുന്നവർ ഇന്നും നമുക്കിടയിൽ ഉണ്ട് എന്ന സത്യം വിളിച്ചോതുന്നതാണ് ഇലന്തുരിൽ നടന്ന ക്രൂരകൃത്യത്തിന്റെ നേർചിത്രം .

വളരെ വികൃതമായ രീതിയിൽ രണ്ടു സ്ത്രീകളെ ആരും കൊല ചെയ്ത മനുഷ്യ രൂപം പൂണ്ട പിശാചുക്കൾ തലയിൽ മുണ്ടിട്ടും മുഖം മറച്ചും നടക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ – ഇത്രയും ക്രൂരത കാണിക്കുന്നവർ ഈ സമൂഹത്തിൽ ഇന്നും ജീവിച്ചിരിക്കുന്നല്ലോ -ഇത്തരം ദുരാചാരങ്ങളിലൂടെ കടന്നുപോകുന്ന ഇന്നത്തെ സമൂഹം ഇനിയും എന്തൊക്കെ കാണേണ്ടിയിരിക്കുന്നു.

ഇവിടെ എത്രയെത്ര കൊലപാതകങ്ങൾ പല രൂപത്തിലും പല ഭാവത്തിലും നമുക്കു മുന്നിലൂടെ കടന്നുപോയി. ഈ കൊടും പാതകത്തിൽ പ്രതികൾ ആയിട്ടുള്ളവർ ഇന്ന് എവിടെ ? വാർത്ത മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഇത്തരം വാർത്തകൾ ആളിക്കത്തുന്ന സമയത്ത് ഇവരെയൊക്കെ കാണുന്നു എന്നല്ലാതെ പിന്നീട് അതേക്കുറിച്ച് ഒന്നും അറിയുന്നില്ല – എവിടെയാണ് ഇവർ മാഞ്ഞു പോകുന്നത് ? അത്പോലെ ഇലന്തൂരിൽ നരബലി നടത്തിയ നരഭോജികളും അർഹിക്കുന്ന ശിക്ഷ ലഭിക്കാതെ നാളെ കാലത്തിന്റ പുക മറക്കുള്ളിൽ മാഞ്ഞു പോകാതിരിക്കട്ടെ.

Share
അഭിപ്രായം എഴുതാം