മുന്‍ എം.എല്‍.എ: എസ്. രാജേന്ദ്രനും സി.പി.എം. നേതാക്കളും തമ്മിലുള്ള വാക്പോര് രൂക്ഷം

തൊടുപുഴ: ഒരിടവേളയ്ക്കുശേഷം വീണ്ടും മുന്‍ എം.എല്‍.എ: എസ്. രാജേന്ദ്രനും സി.പി.എം. നേതാക്കളും തമ്മിലുള്ള വാക്പോര് രൂക്ഷമായി.മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മറവില്‍ സി.പി.എം. നേതാക്കള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്. രാജേന്ദ്രന്‍ രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് തുടക്കം.

റിസോര്‍ട്ട് വിഷയത്തില്‍ അന്വേഷണം നടത്തിയാല്‍ രാജേന്ദ്രന്‍ പെടുമെന്നു മുന്‍ മന്ത്രി എം.എം. മണി തിരിച്ചടിച്ചു.സി.പി.എം. ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് 29.5 കോടി രൂപ മുടക്കി രണ്ടു വര്‍ഷം മുമ്പു റിസോര്‍ട്ട് വാങ്ങിയിരുന്നതായി എസ്. രാജേന്ദ്രന്‍ ആരോപിച്ചു. ഭരണസമിതിക്കെതിരേയും ഹൈക്കോടതിയിലടക്കം കേസ് നിലനില്‍ക്കുന്നതിനിടെ നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. മണിയുള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അംഗത്വം പുതുക്കുന്നില്ല. പച്ചക്കള്ളം പറയുന്ന എം.എം. മണി നിലവാരമുള്ള നേതാവല്ല. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുകയാണ്. സി.പി.എം. പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത്. പല പാര്‍ട്ടികളും എന്നെ സമീപിച്ചിരുന്നു. തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്കു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.അതേസമയം, റിസോര്‍ട്ട് വിഷയത്തില്‍ അന്വേഷണം നടത്തിയാല്‍ രാജേന്ദ്രന്‍തന്നെ പെടുമെന്നാണ് എം.എം. മണിയുടെ മറുപടി. രാജേന്ദ്രനെ രാജേന്ദ്രനാക്കിയ പാര്‍ട്ടിക്കെതിരേ അദ്ദേഹം പണിയുകയാണ്. രാജേന്ദ്രന്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചതുകൊണ്ടാണ് നടപടിയെടുത്തത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തനിക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമോപദേശം വാങ്ങിയാണു റിസോര്‍ട്ട് വാങ്ങിയതെന്നും ക്രമക്കേടു നടന്നതിനു തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. ശശി പറഞ്ഞു.എസ്. രാജേന്ദ്രനെ െകെകാര്യം ചെയ്യണമെന്നു കഴിഞ്ഞദിവസം എം.എം. മണി പറഞ്ഞിരുന്നു. ആ പ്രസംഗമാണ് ഒരിടവേളയ്ക്കുശേഷം വീണ്ടും വാക്പോര് രൂക്ഷമാക്കിയത്.

Share
അഭിപ്രായം എഴുതാം