അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടം; മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശില്‍ മലയാളി ഉള്‍പ്പെടെ നാല് സൈനികരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യം നിര്‍ത്തി വച്ചു. അപകട കാരണം ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിനു കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കുമെന്നാണ് വിവരം.

സാങ്കേതിക പരിശോധനകള്‍ക്കാണ് എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യംതാല്‍ക്കാലികമായി നിര്‍ത്തി വച്ചത്. 300 ഓളം ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി വച്ചത്. മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.

Share
അഭിപ്രായം എഴുതാം