ഹൈറേഞ്ചിന്റെ പുസ്തക ജീവിതം

കാഞ്ചിയാർ രാജന്റെ ‘കലാപം’ പോലെയുള്ള അപൂർവ്വം പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിരുന്നുവെങ്കിലും കട്ടപ്പനയിൽ നിന്ന് സാഹിത്യകൃതികൾ പുസ്തകമായി അനുസ്യൂതം ഇറങ്ങുന്നതിന്റെ തുടക്കം 1999ലാണ്. ഇവിടെത്തന്നെ പുസ്തക ജോലികൾ പൂർത്തികരിച്ച് എറണാകുളത്തോ ശിവകാശിയിലോ അയച്ച് പ്രിന്റ് ചെയ്യുന്നത് അനായസമായത് തൊണ്ണൂറുകളിൽ ഇടുക്കിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായി
സാഹിത്യസദസ് എന്ന സംഘടനയും അതേ പേരിൽ മിനി മാസികയും നിലവിൽ വന്നതോടെയാണ്. ഈ കൂട്ടായ്മയിൽ ആദ്യം ഇറങ്ങുന്ന പുസ്തകം കെ.ആർ.രാമചന്ദ്രന്റെ ‘അപഹാരം’ ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു പുസ്തകം ഇറക്കാനും മാത്രം ആത്മവിശ്വാസം കട്ടപ്പനയ്ക്കുണ്ടായതിന്റെ ഫലപ്രാപ്തിയാണ് അക്ഷരപ്രസ്സിൽ അച്ചടിജോലികൾ തീർത്ത് സാഹിത്യ സദസ് പ്രസിദ്ധീകരിച്ച ‘അപഹാരം’.

അതിനുശേഷം ഈ രംഗത്ത് ഒരു കുതിച്ചു ചാട്ടംതന്നെ ഇവിടെയുണ്ടായി. പു ക സ സഫല ബുക്സ് രൂപീകരിച്ച് ഒട്ടേറെ പുസ്തകങ്ങൾ ഇറക്കി. പലരും സ്വന്തം നിലയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വി.ബി.രാജൻ തൃശൂരിൽ പ്രസാധക സംരംഭം തുടങ്ങി ഒട്ടേറെ ഹൈറേഞ്ചുകാരുടെ പുസ്തകമോഹങ്ങൾ എളുപ്പമാക്കി. ഇപ്പോൾ ജിയോ ബുക്സ്, ദർശന, കുറിഞ്ഞി ബുക്സ്, വിഷൻ ക്രിയേഷൻ തുടങ്ങി ഒന്നിലേറെ പുസ്തകങ്ങൾ ഇറക്കിയ സംരംഭങ്ങൾ പലതായി. ഇന്നൊരു പുസ്തക സാക്ഷാത്കാരം ഭാരമേയല്ലാതായിട്ടുണ്ട്. ഒരു കഥയോ കവിതയൊ അച്ചടിമഷി പുരണ്ട് കാണാൻ ദാഹിച്ചു മോഹിച്ച കാലഘട്ടത്തിൽ നിന്ന് ഇവിടേക്ക് വന്നെത്താൻ നടന്നുതീർത്ത വഴികൾ പക്ഷേ നിസ്സാരമല്ല….

കെ. ആറിന്റെ ആദ്യ പുസ്തകമായ അപഹാരത്തിന് ഡി.റ്റി.പി.ചെയ്തത് അണക്കരയിലാണ്. ഞാനും കെ.ആറും അവിടെപ്പോയിരുന്ന് പ്രൂഫ് തിരുത്തിക്കൊടുക്കും. കവറും ടൈറ്റിലും കൈകൊണ്ട് വരയ്ക്കുകയാണ് അന്ന്. ഫിലിം എടുത്ത് പ്ലേറ്റ് തയ്യാറാക്കി എറണാകുളത്ത് അച്ചടിച്ച് കട്ടപ്പനയിൽ കൊണ്ടുവന്ന് നൂലിന് തയ്ച്ച് കൈകൊണ്ട് കുത്തികെട്ടുകയാണ്. ഇപ്പാേൾ ഫിലിം വേണ്ട, പെർഫെക്ട് ബൈന്റിംഗ് ആയി, ആധുനിക കട്ടിംഗ് സംവിധാനമായി, അങ്ങിനെ ഏതാനും ദിവസങ്ങൾ കൊണ്ട് പുസ്തകം അച്ചടിച്ച് സ്ഥലത്തെത്തുന്ന സ്ഥിതിയായി. ഏറ്റവും എളുപ്പമായത് നേരിട്ടുപോയി മെറ്റീരിയൽ കൊടുക്കേണ്ട, മെയിൽ ചെയ്താൽ മതി എന്നതാണ്.

‘അപഹാരം’ മുതലുള്ള ആദ്യകാല പുസ്തകങ്ങളുടെ പ്രിന്റിംഗ് ഭാരം നിർവ്വഹിച്ചയാൾ എന്ന നിലയിൽ ഇതൊക്കെ ഓർമ്മയിലേക്ക് കടന്നുവരാൻ കാരണം അടുത്തയാഴ്ച പ്രകാശനം നടക്കുന്ന കെ. ആറിന്റെ “സ്വപ്നസഞ്ചാരം” എന്ന പുതിയ പുസ്തകം അതേ സാഹിത്യസദസ്സിന്റെ പേരിലാണ് ഇറങ്ങുന്നത് എന്നതുകൊണ്ടാവാം. സാംസ്കാരിക പ്രവർത്തനമെന്ന അജ്ഞാത സമുദ്രത്തിലെ തോണിയാത്ര ഏതൊക്കെ ദേശങ്ങളെ നമുക്ക് പരിചയപ്പെടുത്തുന്നു!!

നാടകക്കാർ ഉറങ്ങുകയല്ല

കോവിഡാനന്തര മലയാള നാടകവേദിയിൽ എത്തിയ മികച്ച മൂന്നോ നാലോ നാടകങ്ങളിലൊന്നാണ് ആലപ്പുഴയിലെ ഒരു ഗ്രാമീണ വായനശാലയുടെ ഘടകമായ നെയ്തൽ നാടകവേദി അവതരിപ്പിക്കുന്ന ‘കക്കുകളി’ എന്ന നാടകം. പ്രളയവും കോവിഡുമൊന്നും നിരന്തരമന്യേഷിക്കുന്ന നാടകപ്രവർത്തകരെ തളർത്തുന്നില്ല, വേണ്ട പ്രോത്സാഹനം ലഭിച്ചാൽ വർദ്ധിത വീര്യത്തോടെ കുതിച്ചുചാടും എന്നതിൻ്റെ സാക്ഷ്യപത്രം കൂടിയാണ് സംഗീത നാടക അക്കാദമി ധനസഹായത്താൽ ഇറങ്ങിയ ‘കക്കുകളി’.

നമ്മുടെ നാടകവേദി കടന്നുചെല്ലാൻ മടിച്ച ഒരു പ്രമേയം, ഒരു ഭയവുമില്ലാതെ തുറന്നു കാണിക്കുന്നു എന്നതാണ് ഫ്രാൻസീസ് നൊറേണയുടെ കഥയുടെ ആവിഷ്കാരമായ കക്കുകളിയുടെ സവിശേഷത. കന്യാസ്ത്രീ മഠങ്ങളിലെ വിവേചനവും ചൂഷണവും പ്രഹര ശേഷിയോടെ നാടകം തുറന്നു കാണിക്കുന്നു. വീട്ടിലെ ദാരിദ്ര്യം മൂലം ക്രിസ്തുവിന്റെ മണവാട്ടിയാകാൻ ഇറങ്ങിത്തിരിച്ച ഒരു പെൺകുട്ടിക്ക് കടന്നു പോകേണ്ടി വരുന്ന മുൾവഴികൾ നാടകം ഹൃദയസ്പർശിയായി കാണിച്ചു തരുന്നുണ്ട്. സഭയിൽ നിലനിൽക്കുന്ന ക്രിസ്തു വിരുദ്ധതക്കു നേരെ നാടകം ചാട്ടവാർ ചുഴറ്റുന്നു. ചവിട്ടുനാടകത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെയും പശ്ചാത്തലത്തിൽ വിടർന്നു വരുന്ന കന്യാമഠജീവിതചിത്രണത്തിന് നവീന രംഗഭാഷയാണ് സംവിധായകൻ തേടുന്നത്. ചെറുനാടകങ്ങളിൽ ഇതിനകം ശ്രദ്ധിക്കപ്പെട്ട ജോബ് മഠത്തിൽ എന്ന സംവിധായകൻ അതിൽ വിജയിച്ചു.

സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച ആലപ്പുഴക്കാരി മാളു എന്ന പെൺകുട്ടിയാണ് ഈ നാടകത്തിന്റെ മറ്റൊരു വിജയശിൽപ്പി. കക്കുകളിച്ച് നടക്കവേ വീട്ടിലെ ഭാരം കുറയ്ക്കാനായി കന്യാമഠത്തിലെത്തിപ്പെട്ട പുതുകന്യാസ്ത്രീയായി ആ നടി അസാദ്ധ്യമായ പകർന്നാട്ടമാണ് നടത്തിയത്. വായനശാലയിലെ അംഗങ്ങളാണ് നാടകസംഘത്തിലേറെയും എന്നത് ആഹ്ലാദകരമാണ്. നാട് നാടകവേദിയിൽനിന്ന് ഒളിച്ചോടുന്ന ഈ കാലത്ത് ഇത്തരം കൂട്ടായ്മകളിലാണ് പ്രതീക്ഷയർപ്പിക്കാവുന്നത്.

ഏറെ പണച്ചെലവുള്ള സെറ്റും പ്രമേയത്തിനിണങ്ങുന്ന സംഗീതവും അഞ്ച് നടികളുൾപ്പെടുന്ന സംഘവുമായിട്ടും അക്കാദമി സംഘത്തിന് രണ്ടു വേദിയിലെ അവതരണത്തിനടക്കം നൽകിയത് രണ്ടുലക്ഷം രൂപ മാത്രമാണ്. അതേ സമയം പ്രൊഫഷണൽ നാടക ധനസഹായം ഇരട്ടിത്തുകയും! കച്ചവടം മാത്രം പ്രാത്സാഹിപ്പിക്കപ്പെടുകയും അരങ്ങിലെ പരീക്ഷണങ്ങൾക്ക് മതിയായ പിന്തുണ നൽകാതിരിക്കുകയും ചെയ്യുന്നതിലൂടെ അക്കാദമി ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണ്. ഓരോ വർഷവുമിറങ്ങുന്ന മികച്ച നാടകങ്ങൾക്ക് മതിയായ തുക ധനസഹായം നൽകുന്ന രീതിയിലേക്ക് അക്കാദമി ധനസഹായ മാനദണ്ഡം വളരേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഇടുന്ന വളം മുഴുവൻ അടുത്ത മഴയിലൊഴുകിപ്പോകുന്ന ഫലമേ ഉണ്ടാകൂ.

Share
അഭിപ്രായം എഴുതാം