ഇടുക്കി: എം എം മണി എംഎൽഎയുടെ. ആരോപണത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കൈകാര്യം ചെയ്യാൻ വന്നാൽ അപ്പോൾ നോക്കാമെന്നും മുൻ എംഎൽഎ എസ് രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എം എം മണിയും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരാളുമല്ലാതെ മറ്റാരും താൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി പറയില്ല. ചിലരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമാണിതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
പാർട്ടിയോട് നന്ദികേട് കാണിച്ച എസ് രാജേന്ദ്രനെ വെറുതേ വിടരുതെന്നായിരുന്നു മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണിയുടെ ആഹ്വാനം. മൂന്നാറിൽ നടന്ന എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ്റെ 54 ആം വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു എം എം മണിയുടെ വിവാദ പരാമർശം. പാർട്ടി സ്ഥാനാർത്ഥിയായ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ച രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി പറഞ്ഞു. പാർട്ടിയുടെ ബാനറിൽ 15 വർഷം എംഎൽഎ ആകുകയും അതിന് മുൻപ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രൻ പാർട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും എം എം മണി പറഞ്ഞു.
പാർട്ടിയുടെ തീരുമാനപ്രകാരം രണ്ട് പ്രാവശ്യം മത്സരിച്ചവർ മാറിനിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ എ രാജയെ പാർട്ടി സ്ഥാനാർത്ഥിയാക്കി. എന്നാൽ എ രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ അണിയറയിൽ പ്രവർത്തിച്ചു. പാർട്ടിയെ ഇല്ലാതാക്കാൻ രാജേന്ദ്രൻ നടത്തുന്ന നീക്കങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളർത്തണം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നുമാണ് എം എം മണി തൊഴിലാളികളോട് പറഞ്ഞത്.