ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ എന്‍.സി.സി, എന്‍.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ നടന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍വ്വഹിച്ചു. ദീപശിഖാ പ്രയാണം കോളേജ് അധികൃതര്‍ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസിനും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കും കൈമാറി. തുടര്‍ന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം വിഷയാവതരണവും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സാമൂഹ്യ സന്നദ്ധ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ കര്‍മ്മ പദ്ധതികളും നവംബര്‍ ഒന്ന് വരെ സംഘടിപ്പിക്കും. കോളേജ് പ്രിന്‍സിപ്പല്‍ കെ.റോയ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സൂസന്‍ ജോര്‍ജ്ജ്, ലഫ്. ഷാജു കെ ജോണ്‍, ലാബി ചെറിയാന്‍ പൊന്നൂസ്, നന്ദനാ എം എന്നിവര്‍ പങ്കെടുത്തു.