റെയില്‍പാളത്തില്‍ വ്യാജ ബോംബ്: അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: റെയില്‍ പാളത്തില്‍ ബോംബിന്റെ രൂപത്തില്‍ കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് ആശ്വാസത്തിനിടയിലും അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് പാളത്തില്‍ കാണപ്പെട്ട അജ്ഞാതവസ്തു മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ – കണ്ണൂര്‍ സൗത്ത് സ്‌റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം.കണ്ണൂര്‍ ഭാഗത്തേക്ക് മൂന്നൂറ് മീറ്റര്‍ മാറിയാണ് സ്‌ഫോടകവസ്തു എന്ന് തോന്നിപ്പിക്കുന്ന വസ്തു കണ്ടെത്തിയത്. പാളത്തിന് നടുവില്‍ കണ്ടെത്തിയത് ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തില്‍ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തിയായിരുന്നു പരിശോധന.

പാളത്തില്‍ നിന്നും മാറ്റിയ അജ്ഞാതവസ്തു പോലീസ് വിശദമായ പരിശോധനയ്ക്കായി മാറ്റി. വിശദമായ പരിശോധനയില്‍ അജ്ഞാത വസ്തു ബോംബല്ലെന്നും കടലാസ് കൊണ്ടു ചുറ്റി ബോംബ് രൂപത്തിലാക്കി ട്രാക്കില്‍ കൊണ്ടിട്ടതാണെന്നും വ്യക്തമായി. ഇതിനു ശേഷമാണ് ഇരുഭാഗത്തേക്കുമുള്ള റെയില്‍ ഗതാഗതം പുനസ്ഥാപിച്ചത്.ആരോ പരിഭ്രാന്തി സൃഷ്ടിക്കാനായി മനപൂര്‍വ്വം കൊണ്ടിടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതാരാണെന്ന് കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.

Share
അഭിപ്രായം എഴുതാം