ബുംറയ്ക്കു പകരം ഷമി ലോകകപ്പിന്

ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയും. പരുക്കേറ്റു പുറത്തായ ജസ്പ്രീത് ബുംറയുടെ പകരക്കാരനായാണ് ഷമിയെത്തുന്നത്.ഓസ്ട്രേലിയയിലെത്തിയ ഷമി വൈകാതെ ബ്രിസ്ബെനിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ന്യൂസിലന്‍ഡിനെതിരേ 17നും 19നും നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ ഷമി കളിക്കും. ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരെ ബാക്ക് അപ്പായി ഉള്‍പ്പെടുത്തി. ഇരുവരും ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. സിറാജ് പരമ്പരയിലെ താരവുമായി. പുറംവേദനയെ തുടര്‍ന്നാണു ജസ്പ്രീത് ബുംറ ടീമില്‍നിന്നു പുറത്തായത്. ഷമി പകരക്കാരനാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കോച്ച് രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഷമിക്ക് അനുകൂലവുമായിരുന്നു. ഓസീസ് മണ്ണില്‍ വിവിധ പരമ്പരകള്‍ കളിച്ച പരിചയവും തുണയായി. 2015 ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായിരുന്നു. മൂന്നു മാസത്തിനു ശേഷമാണു ഷമി കളത്തിലിറങ്ങുന്നത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേ നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരകളില്‍ ഉള്‍പ്പെടുത്തിയെങ്കിലും കോവിഡ്-19 വൈറസ് ബാധിതനായതു തിരിച്ചടിയായി.

Share
അഭിപ്രായം എഴുതാം