മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളം സി ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് കളികളില്‍നിന്നു 12 പോയിന്റുമായാണു കേരളത്തിന്റെ മുന്നേറ്റം. അവസാന മല്‍സരത്തില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കേരളം കളി തീരാന്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കേ വിജയ റണ്ണെടുത്തു. 15 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 27 റണ്ണെടുത്തുനിന്ന അബ്ദുള്‍ ബാസിതാനു ജയത്തിലേക്കു നയിച്ചത്. ഓപ്പണര്‍മാരായ വിഷ്ണു വിനോദ് (26 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 25), രോഹന്‍ കുന്നുമ്മല്‍ (18 പന്തില്‍ അഞ്ച് ഫോറുകളടക്കം 26) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.
നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. നാലു പന്തില്‍ മൂന്നു റണ്‍ മാത്രമെടുത്താണു സഞ്ജു പുറത്തായത്. സഞ്ജു സാംസണിന്റെ കീഴില്‍ കേരളത്തിന്റെ ടൂര്‍ണമെന്റിലെ ആദ്യ മത്സരമായിരുന്നു അത്. സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ അരുണാചല്‍ പ്രദേശ്, കര്‍ണാടക ടീമുകള്‍ക്കെതിരെ കേരളത്തെ നയിച്ചത് സച്ചിന്‍ ബേബിയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (11 പന്തില്‍ 13), സച്ചിന്‍ ബേബി (ആറ് പന്തില്‍ നാല്), കൃഷ്ണപ്രസാദ് (14 പന്തില്‍ ഒന്‍പത്), സിജോ മോന്‍ ജോസഫ് (16 പന്തില്‍ 13) എന്നീ മധ്യനിര താരങ്ങള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യം ബാറ്റു ചെയ്ത ഹരിയാനയെ സുമിത് കുമാര്‍ (23 പന്തില്‍ മൂന്ന് സിക്സറടക്കം 30), ജയന്ത് യാദവ് (25 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 39) എന്നിവര്‍ ചേര്‍ന്നാണു നൂറു കടത്തിയത്.പ്രമോദ് ചാണ്ടിലയുടെ മെല്ലെപ്പോക്ക് (33 പന്തില്‍ 24) അവര്‍ക്കു വിനയായി.
അബ്ദുള്‍ ബാസിത് എറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീണു. ഓപ്പണര്‍ അങ്കിത് കുമാര്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ചൈതന്യ ബിഷ്ണോയ് (അഞ്ച്), നായകന്‍ ഹിമാന്‍ശു റാണ (ഒന്‍പത്), നിഷാന്ത് സിന്ധു (10) എന്നിവരും നിറംമങ്ങി. കേരളത്തിനു വേണ്ടി അബ്ദുള്‍ ബാസിത്, ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍, വൈശാഖ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ആസിഫ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. എ ഗ്രൂപ്പ് മത്സരത്തില്‍ മുംബൈ അസമിനെതിരേ 61 റണ്ണിന്റെ തകര്‍പ്പന്‍ ജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ മൂന്ന് വിക്കറ്റിന് 230 റണ്ണെടുത്തു. അസം കളി തീരാന്‍ മൂന്ന് പന്ത് ശേഷിക്കേ 169 റണ്ണിന് ഓള്‍ഔട്ടായി. നായകന്‍ പൃഥ്വി ഷായുടെ (61 പന്തില്‍ ഒന്‍പത് സിക്സറും 13 ഫോറുമടക്കം 134) സെഞ്ചുറിയാണു മുംബൈ മികച്ച സ്‌കോറിലെത്തിച്ചത്. മുംബൈക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റെടുത്തു. അമന്‍ ഹകിം ഖാന്‍, ഷാംസ് മുലാനി, തനുഷ് കോടിയാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പ്രശാന്ത് സോളങ്കി ഒരു വിക്കറ്റുമെടുത്തു.