കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കാസർകോട്: കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഡോക്‌ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി 11/10/22 ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണമെന്ന് ഡോക്ടർ നിർദേശിച്ചു. പക്ഷേ യാത്രാമധ്യേ യുവതി മരിച്ചു.

ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം, ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടർ മുങ്ങിയെന്നും ഇവർ പരാതിപ്പെടുന്നു. ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

മംഗലാപുരത്ത് നിന്ന് മുങ്ങിയ ഡോക്ടറെ കൂടെപ്പോയവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ രണ്ടര മണിക്കൂറോളം കാത്തിരുന്നിട്ടും ഡോക്ടർ ഇവരുടെ അടുത്തേക്ക് വന്നില്ലെന്ന് മരിച്ച നയനയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മംഗലാപുരത്തെ ആശുപത്രിയിലെ ഡോക്ടർമാർ വിളിച്ച ശേഷമാണ് ഇദ്ദേഹം ഇവരുടെ അടുത്തേക്ക് വന്നത്. അപ്പോഴേക്കും മരിച്ച നയനയുടെ ബന്ധുക്കളും നാട്ടുകാരും ശശിരേഖ ആശുപത്രിയിൽ പ്രതിഷേധം തുടങ്ങിയിരുന്നു. പൊലീസെത്തിയാണ് ഇവരെ ശാന്തരാക്കിയത്. ബന്ധുക്കളുടെ ആരോപണത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നയനയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്‌മോർട്ടം നടപടികൾ 13/10/22 വ്യാഴാഴ്ച പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →