പിതാവ് കൊളുത്തിയ തീയിൽ ഭാര്യയും ഇളയ മകനും മരിച്ചു

തിരുവില്വാമല: കടക്കെണിയിൽ അകപ്പെട്ട ഹോട്ടലുടമ ഇന്ധനം ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ഭാര്യയും ഇളയ മകനും മരിച്ചു. മൂത്തമകനും പിതാവും ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ. തിരുവില്വാമലയിൽ ഹോട്ടൽ ഗ്രീൻ പാലസ് നടത്തുന്ന ഒരലാശേരി ചോലക്കോട് രാധാകൃഷ്ണന്റെ ഭാര്യ ശാന്തിനി (40), ഇളയ മകൻ രാഹുൽ (8) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ കാർത്തിക്കും (14) രാധാകൃഷ്ണനും (46) ഗുരുതരമായി​ പൊള്ളലേറ്റ നിലയിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

2022 ഒക്ടോബർ11 ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കിടപ്പുമുറിയിൽ വച്ചായി​രുന്നു ആത്മഹത്യാശ്രമം. ജനൽ പൊട്ടിത്തെറിച്ച ശബ്ദം കേട്ട് ആദ്യം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് അയൽക്കാർ കരുതിയത്. തീയും പുകയും ഉയരുന്നത് കണ്ട് വാതിൽ തകർത്ത് അയൽക്കാർ അകത്തു കയറി തീ അണച്ചു . ഒരേ മുറിയിലുണ്ടായിരുന്ന നാലുപേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. പഴയന്നൂർ എസ്.ഐ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ആലത്തൂർ ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ആദർശിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിന്നു.ഫോറൻസിക് ഉദ്യോഗസ്ഥരായ ബി. മഹേഷ്, അരുൺ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പരിശോധന നടത്തി. മണ്ണെണ്ണയുടെയും പെട്രോളിന്റെയും അംശം കത്തിയമർന്ന മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കടബാദ്ധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് രാധാകൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. നിരവധി പേരിൽ നിന്നും രാധാകൃഷ്ണൻ വായ്പ വാങ്ങിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മരിച്ച രാഹുൽ തിരുവില്വാമല ഗവ എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Share
അഭിപ്രായം എഴുതാം