റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: മുതിർന്ന മലയാളി അഭിഭാഷകനടക്കം നാല് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് യു.യു ലളിത് നൽകിയ ശുപാർശയിലെ തുടർ നടപടികൾ സുപ്രീം കോടതി കൊളീജിയം അവസാനിപ്പിച്ചു. നിയമന നടപടിക്രമങ്ങളിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് അബ്ദുൾ നസീറും വിയോജിപ്പ് അറിയിച്ചതിനെ തുടർന്നാണിത്. എന്നാൽ, ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്ത പേരുകൾ ഇരുവരും എതിർത്തില്ല.സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും,മലയാളിയുമായ കെ.വി.വിശ്വനാഥൻ,പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവി ശങ്കർ ത്സാ,പാട്ന ഹൈക്കോടതിചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ,മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.പി.സഞ്ജയ്കുമാർ എന്നിവരുടെ പേരാണ് ശുപാർശ ചെയ്തത്.

2022 സെപ്റ്റംബർ 26 ന് യോഗം ചേർന്നകൊളീജിയം , വിവിധ ഹൈക്കോടതികളിലെ 11 പേരെ പരിഗണിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്തയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനോട് കൊളീജിയം അംഗങ്ങൾ യോജിക്കുകയും, ഇത് സംബന്ധിച്ച ശുപാർശകേന്ദ്ര സർക്കാരിന് കൈമാറുകയും ചെയ്തു,. മറ്റ് ജഡ്ജിമാരുടെ കൂടുതൽ വിധി പ്രസ്താവങ്ങൾ പരിശോധിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടതിനാൽ സെപ്റ്റംബർ 30 ന് വീണ്ടും യോഗം ചേരാൻ തീരുമാനമായി. യോഗത്തിന് തൊട്ട് മുമ്പ് ,സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള നാല് പേരുടെ ചുരുക്കപ്പട്ടിക കൊളീജിയം അംഗങ്ങൾക്ക് ചീഫ് ജസ്റ്റിസ് യു.യു ലളിത് കൈമാറി.എന്നാൽ ,ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പങ്കെടുക്കാത്തതിനാൽ അന്ന് കൊളീജിയം യോഗം നടന്നില്ല. ആ ദിവസം ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് രാത്രി 9.15 വരെ കേസുകളിൽ വാദം കേട്ടിരുന്നു. അടുത്ത ദിവസം കോടതി പൂജ അവധിക്ക് അടച്ചതിനാൽ, ശുപാർശയ്ക്ക് അംഗീകാരം തേടി ചീഫ് ജസ്റ്റിസ് കൊളീജിയം അംഗങ്ങൾക്ക് കത്തയച്ചു.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഒക്ടോബർ.ഒന്നിനും, ജസ്റ്റിസ് കെ.എം ജോസഫ് ഏഴിനും ശുപാർശ അംഗീകരിക്കുന്നതായി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. എന്നാൽ, നേരിട്ട് യോഗം ചേരാതെ കത്തിലൂടെ ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരുടെ നിലപാട്. ബദൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ നിർദ്ദേശിച്ച് ഒക്ടോബർ രണ്ടിന് ചീഫ് ജസ്റ്റിസ് അയച്ച കത്തിന് രണ്ട് ജഡ്ജിമാരും മറുപടി നൽകിയില്ല.ഇതിനിടെ, അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നാമനിർദ്ദേശം ചെയ്യാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് യു.യു ലളിതിന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഒക്ടോബർ 7 ന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് ലളിത് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ തുടർനടപടി വേണ്ടെന്ന് കൊളീജിയം തീരുമാനിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *