അന്താരാഷ്ട്ര തൊഴിൽതട്ടിപ്പ് സംഘം തട്ടിക്കൊണ്ടുപോയ 13 ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര തൊഴിൽതട്ടിപ്പ് സംഘം മ്യാൻമറിൽ നിന്ന് തട്ടിക്കൊണ്ടുപോയ 13 ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ 13 പേരേയും ഉത്തരേന്ത്യക്കാരായ മൂന്നുപേരേയുമാണ് രക്ഷപ്പെടുത്തിയത്. ഇവർ 2022 ഒക്ടോഹർ 5 ബുധനാഴ്ച സ്വദേശത്ത് എത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്താം ബാഗ്ചി ട്വീറ്റ് ചെയ്തു. മ്യാൻമറിലെ മ്യാവാഡിയിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മ്യാൻമറിലേയും, തായ്‌ലൻഡിലേയും ഇന്ത്യൻ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 32 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് 13 പേരെ കൂടി കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ എൻട്രി ജോലിക്കെന്ന പേരിൽ മ്യാൻമറിൽ എത്തിച്ച തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. മലയാളികളടക്കം നിരവധി പേർ ഇപ്പോഴും ഇവരുടെ തടവിലാണ്.

തായ്ലൻഡുമായി അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ മ്യാൻമറിലെ കയിൻ സംസ്ഥാനത്തിലെ മ്യാവഡി പ്രദേശം പൂർണമായും മ്യാൻമറീസ് സർക്കാരിന്റെ നിയന്ത്രണത്തിലല്ല. ചില വംശീയ സായുധ ഗ്രൂപ്പുകളാണ് അതിന്റെ മേൽ ആധിപത്യം പുലർത്തുന്നത്. ഇത്തരം തൊഴിൽതട്ടിപ്പ് നടത്തുന്ന ഏജന്റുകളെ കുറിച്ചുള്ള വിവരങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും അരിന്താം ബാഗ്ചി വ്യക്തമാക്കി.

മ്യാൻമറിന്റെ വിദൂര കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഡിജിറ്റൽ സ്‌കാമിംഗ്-ഫോർജ് ക്രിപ്റ്റോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചില ഐ.ടി കമ്പനികൾ ഐടി മേഖലയിലെ തൊഴിലവസര സാധ്യതകൾ പറഞ്ഞ് തങ്ങളുടെ റിക്രൂട്ടിംഗ് ഏജന്റുമാർ വഴി വിവിധ സ്ഥലങ്ങളിൽ നിന്ന് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്നുള്ളവരെ അനധികൃതമായി മ്യാൻമറിൽ എത്തിച്ച് കെണിയിലാക്കിയതായി മ്യാൻമറിലെ ഇന്ത്യൻ മിഷനും വ്യക്തമാക്കി. തുടർന്നാണ് ഇത് സംബന്ധിച്ച അന്വേഷണം നടന്നത്

Share
അഭിപ്രായം എഴുതാം